പിണറായിസം പാർട്ടിയിൽ നടപ്പാക്കിയാൽ മതി : ജെബി മേത്തർ എംപി
1592646
Thursday, September 18, 2025 6:30 AM IST
ചാത്തന്നൂർ : പിണറായിസം സംസ്ഥാനത്ത് നടപ്പാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും അത് സ്വന്തം പാർട്ടിയിൽ നടപ്പാക്കിയാൽ മതിയെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിളാ സാഹസ് യാത്രയ്ക്ക് ചാത്തന്നൂരിൽ നല്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ.
കേരളത്തിലെ സമസ്ത മേഖലകളിലും അഴിമതിയും സ്വജന പക്ഷപാതവും നടപ്പാക്കി വരുന്ന പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ കുത്തഴിഞ്ഞ നിലയിലെത്തിച്ചു.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഇന്ന് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇടതുപക്ഷ മന്ത്രിമാർക്ക് പോലും അറിയാത്ത അവസ്ഥയാണ്.പോലീസ് അതിക്രമങ്ങൾ ചൂണ്ടി കാട്ടിയാൽ അത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു പൊതു സമൂഹത്തെ അവഹേളിക്കുന്ന ഒരു മുഖ്യമന്ത്രിയും സിസ്റ്റത്തിന്റെ തകരാറാണെന്ന് പറയുന്ന മന്ത്രിമാരുമാണിന്ന് സംസ്ഥാനം ഭരിക്കുന്നതെന്ന് ജെബി മേത്തർ കുറ്റപ്പെടുത്തി.
കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമ്പിളി രത്നകുമാർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബ സുദർശനൻ, ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, സിസിലി സ്റ്റീഫൻ, പി.പ്രദീഷ് കുമാർ,
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.വാഹിദ, ജയലക്ഷ്മി ദത്തൻ, ലക്ഷ്മി അനിൽ, ലാലീരാജീസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.സിന്ധു വിനോദ്, ഷീല ബിനു, രേഖ എസ്.ചന്ദ്രൻ, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.മായ തുടങ്ങിയവർ പ്രസംഗിച്ചു.