കൊട്ടിയത്ത് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
1592656
Thursday, September 18, 2025 6:45 AM IST
കൊട്ടിയം: എംഡിഎംഎ കടത്ത് സംഘാംഗങ്ങളായ മൂന്നു പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 14.23 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുഖത്തല ഡീസന്റ് ജംഗ്ഷൻ വെറ്റിലത്താഴം മുരളി സദനത്തിൽ അനന്തു കൃഷ്ണൻ (29)നെ 2.45ഗ്രാം എം ഡി എം എ യുമായി കോടാലി മുക്കിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു.
തുടർന്ന് അനന്തു കൃഷ്ണന് ഇത് നൽകിയ മുഖത്തല കിഴവൂർ കിഴക്കേവിള വീട്ടിൽ അരുൺ (27), പുന്തലത്താഴം വടക്കേവിള ചരുവിള വീട്ടിൽ ശരത് മോഹൻ (30) എന്നിവരെ രാത്രി കിഴവൂർ മദ്രസയ്ക്ക് സമീപത്തു നിന്നും11.78ഗ്രാം എം ഡി എം എ യുമായി പോലീസ് പിടികൂടുകയായിരുന്നു. അരുണും ശരത് മോഹനും രാസ ലഹരി കച്ചവടക്കാരാണ്.
സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച വിവരത്തെ തുടർന്ന് കൊട്ടിയം എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. എസ്ഐ രഘുനാഥ്, സിപിഒ മാരായ പ്രശാന്ത്, ശംഭൂ, ഹരീഷ്, വിനോദ് എന്നിവർക്കൊപ്പം ഡാൻസാഫ് ടീംഅംഗങ്ങളുമുണ്ടായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.