ഇടമുളക്കല്‍ ജവഹര്‍ ഹൈസ്കൂളിൽ മഞ്ഞപ്പിത്തം : കുട്ടികള്‍ക്കു രോഗബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്കൂള്‍ തുറക്കാന്‍ തീരുമാനം
1592642
Thursday, September 18, 2025 6:30 AM IST
അഞ്ചല്‍ : ഇരുപതോളം കുട്ടികള്‍ക്കു മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതിന് തുടര്‍ന്ന് അടച്ചിട്ട ഇടമുളക്കല്‍ ജവഹര്‍ ഹൈസ്കൂളിലെ കുട്ടികള്‍ക്കു രോഗബാധ ഇല്ലെന്നുറപ്പാക്കിയശേഷം പൂര്‍ണമായും തുറക്കാന്‍ തീരുമാനം. പി.എസ്.സുപാല്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
നിലവില്‍ ക്ലോറിനേറ്റ് ചെയ്തിട്ടുള്ള കിണറിലെ ജലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലും വാട്ടര്‍ അഥോറിട്ടിയുടെ വാളകം ലാബിലും പരിശോധനയ്ക്ക് അയക്കാനും ഇതിന്റെ പരിശോധന വരുന്ന 20 വരെ സ്കൂളിന് അവധി നല്‍കുന്നതിന് ഡിഡിയോടും ഡിഇഒ യോടും അനുമതി വാങ്ങാനും തീരുമാനിച്ചു.
എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ ടോയ്ലറ്റ് ബ്ലോക്ക് അനുവദിക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്കി. കുടിവെള്ള പൈപ്പ് ലൈന്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാപിക്കും. ചികിത്സയിലുള്ള കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും മുഴുവന്‍ കുട്ടികള്‍ക്കും സ്കൂളില്‍ ആരോഗ്യവിദഗ്ധരുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ക്യാമ്പില്‍ മുഴുവന്‍ കുട്ടികളുടെ യും പങ്കാളിത്തം ഉറപ്പാക്കും. മെഡിക്കല്‍ ക്യാമ്പിനൊപ്പം ബോധവല്‍ക്കരണം, ശുചീകരണം ഉള്‍പ്പടെയുള്ളവ നടത്തും. യോഗത്തില്‍ ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യലാല്‍, ഇടമുളക്കല്‍ പി എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീര്‍ സലാം, വാര്‍ഡ് മെമ്പര്‍, പിടിഎ ഭാരവാഹികള്‍, രക്ഷിതാക്കള്‍, സ്കൂള്‍ ഹെഡ്മാസ്റ്റര് ,അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.