ഹരിതവർണമൊരുക്കി ഒന്പത് പച്ചത്തുരുത്തുകൾ
1592655
Thursday, September 18, 2025 6:45 AM IST
പുരസ്കാരം നൽകി മുഖ്യമന്ത്രി
കൊല്ലം : പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനവുമായി ബന്ധപ്പെട്ടു ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ ആരംഭിച്ച മികച്ച ഒന്പത് പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം. പുരസ്കാര വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
സംസ്ഥാന തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പച്ചത്തുരുത്തിൽ കൊല്ലം കോർപറേഷനിൽ സ്ഥാപിച്ച തീരദേശ പച്ചത്തുരുത്തിനാണ് മൂന്നാം സ്ഥാനം. ജില്ലാ തലത്തിൽ തദ്ദേശസ്ഥാപന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കൊല്ലം കോർപറേഷനിലെ തീരദേശം, വേളിയം പഞ്ചായത്തിലെ ഓടനാവട്ടം കല്ലുവാതുക്കലിലെ വിളവൂർകോണം പച്ചത്തുരുത്തുകൾക്കാണ്.
സ്കൂളിൽ നിർമിച്ചവയിൽ മൈലം എൻഎസ്എസ്കെ എൽപിഎസിനും കലാലയങ്ങളിൽ ഗവ. ഐടിഐ ചന്ദനത്തോപ്പിനുമാണ് പുരസ്കാരങ്ങൾ. ദേവഹരിതം പച്ചത്തുരുത്ത് ഇനത്തിൽ തലവൂർ തൃക്കൊന്നമർക്കോട് ദേവസ്വം പച്ചത്തുരുത്തിനും. മറ്റ് സ്ഥാപനങ്ങളുടെ ഇനത്തിൽ ചവറ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്, കുളത്തൂപ്പുഴ പോസ്റ്റ് ഓഫീസ് എന്നിവയ്ക്കുമാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ശൂരനാട് തെക്ക് പഞ്ചായത്തിൽ കുമരംചിറയിൽ 28 സെന്റിൽ കെ.വി.സക്കീന ആരംഭിച്ച മനോഹരമായ പച്ചത്തുരുത്തിന് പ്രത്യേക പുരസ്കാരവും നൽകുന്നുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങൾ, സ്കൂൾ, കോളജ്, മറ്റ് സ്ഥാപനങ്ങൾ, ദേവഹരിതം പച്ചത്തുരുത്ത്, മുളത്തുരുത്ത്, കണ്ടൽ പച്ചത്തുരുത്ത്, കാവുകൾ എന്നീ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 145 പച്ചത്തുരുത്തുകളാണ് തെരഞ്ഞെടുത്തത്. ജില്ലയിൽ പ്രത്യേക ജൂറികളുടെ നേതൃത്വത്തിൽ 11 ഇടങ്ങൾ സന്ദർശിച്ച് വിലയിരുത്തിയാണ് സംസ്ഥാനതല പുരസ്കാര നിർണയത്തിനായി തെരഞ്ഞെടുത്തത്.
കഴിഞ്ഞ ഒന്പതു വർഷക്കാലത്ത് ഹരിത കേരളം മിഷൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഏജൻസികൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ജലസംരക്ഷണം, മാലിന്യ സംസ്കരണം, കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം എന്നീ മേഖലകളിലായി സമഗ്ര പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്.
പൊതുഭൂമിയിലും സ്വകാര്യ ഭൂമിയിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ വൃക്ഷവൽക്കരണം നടത്തി ജൈവ വൈവിധ്യത്തിന്റെ ചെറുതുരുത്തുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. ജില്ലയിൽ 76.11 ഏക്കറിലായി 286 എണ്ണമാണ് സ്ഥാപിച്ചിട്ടുള്ളത്.