താലൂക്ക് ആശുപത്രിയിലെ സിടി സ്കാനിംഗ് ഉടന്‍ പുനരാരംഭിക്കും
1592659
Thursday, September 18, 2025 6:45 AM IST
പുനലൂര്‍ : താലൂക്ക് ആശുപത്രിയില്‍ തകരാറിലായ സിടി സ്കാന്‍ യന്ത്രം ഉടന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്. സുനില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
സ്വകാര്യ ലാബുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ആശുപത്രിയില്‍ സ്കാനിംഗിന് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ പുനലൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ സ്കാനിംഗിനായി താലൂക്ക് ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. യന്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്യൂബിനും ബോര്‍ഡിനുമാണ് തകരാര്‍ ഉണ്ടായത്. ഈ യന്ത്രഭാഗങ്ങള്‍ക്ക് മാത്രമായി ഏകദേശം ഒരു കോടി രൂപ ചെലവ് വരും.
വാര്‍ഷിക മെയിന്റനന്‍സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ സൗജന്യമായി ഇത് മാറ്റിലഭിക്കും. പൂര്‍ണമായും ഇറക്കുമതി ചെയ്ത യന്ത്രമാണിത്. അതുകൊണ്ട് തന്നെ യന്ത്രഭാഗങ്ങള്‍ ഒന്നും തന്നെ ഇന്ത്യയില്‍ ലഭ്യമല്ല. ട്യൂബ് ലഭിക്കേണ്ടത് സിംഗപ്പൂരില്‍ നിന്നാണ്. യന്ത്രം തകരാറിലായ ഉടന്‍ വാര്‍ഷിക മെയിന്റനന്‍സ് കരാര്‍ നല്‍കിയിട്ടുള്ള കമ്പനിയെ അറിയിച്ചിരുന്നു. ഈ ആഴ്ചയുടെ അവസാനം യന്ത്രഭാഗങ്ങള്‍ സിംഗപ്പൂരില്‍ നിന്നും എത്തും. വരുന്ന ആഴ്ചയില്‍ ട്യൂബും ബോര്‍ഡും മാറ്റി വച്ച് സ്കാനിംഗ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
സ്വാഭാവികമായി യന്ത്രങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാര്‍ മാത്രമാണ് ഇവിടെയും സംഭവിച്ചത്. യന്ത്രഭാഗങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടേണ്ടതുള്ളതിനാല് മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ ചെറിയ കാലതാമസം ഉണ്ടായതെന്ന് മനസിലാക്കണമെന്നും വസ്തുതകള്‍ മനസിലാക്കാതെ ആശുപത്രി അധികൃതരെയും നഗരസഭാ അധികാരികളെയും കുറ്റപ്പെടുത്തുന്നവരെ തിരിച്ചറിയണമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.