മാതാഅമൃതാനന്ദമയിയുടെ ജന്മദിനാഘോഷം: മെഗാ ശുചീകരണ യജ്ഞം 20ന്
1592917
Friday, September 19, 2025 6:46 AM IST
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷപരിപാടിയുടെ ഭാഗമായി ലോക ശുചീകരണ ദിനമായ നാളെ ആഗോളതലത്തിൽ മെഗാ ശുചീകരണ യജ്ഞം നടത്താൻ അമൃതാനന്ദമയി മഠം തീരുമാനിച്ചതായി അധികൃതർ പത്രസമ്മേളനത്തിൽഅറിയിച്ചു.
ജന്മദിനമായ 27നാണ് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. ഗുരുപാദപൂജ, ജന്മദിന സന്ദേശം നൽകൽ, വിശ്വശാന്തി പ്രാർഥന, ഭജന, സത്സംഗം, പ്രസാദ വിതരണം എന്നിവ നടക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന എന്നിവയുൾപ്പെടെയുള്ള കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. അമൃതാനന്ദമയി മഠം ഏർപ്പെടുത്തി വരുന്ന അമൃതകീർത്തി പുരസ്കാരം വേദിയിൽ വച്ച് വിതരണം ചെയ്യും.
കൂടാതെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹം, ആശ്രമത്തിലെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനനം എന്നിവയും നടക്കും. ജന്മദിനത്തിന്റെ ഭാഗമായി വിദേശികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു പേർ ആഘോഷങ്ങൾക്കായി ഇത്തവണ അമൃതപുരിയിലെത്തുമെന്നും മഠം അധികൃതർ അറിയിച്ചു.
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ശ്രമദാന പദ്ധതികൾക്കും ഇത്തവണ തുടക്കമിടും. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിലെ വിവിധ വിഭാഗങ്ങളിലായാണ് വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ ചെയ്തു നൽകുന്നത്.
18 വയസിനു താഴെയുള്ള കുട്ടികൾക്കായി തയാറാക്കിയ ഹൃദയ ശസ്ത്രക്രിയാ ക്യാമ്പ് കൊച്ചി അമൃത ആശുപത്രിയിൽ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള നാന്നൂറോളം കുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഐക്യരാഷ്ട്രസഭയിൽ ആദ്യമായി മലയാളം മുഴങ്ങിയ രജതജൂബിലി ആഘോഷത്തോടും, ജന്മദിനത്തോടും അനുബന്ധിച്ച് ഒരു ലോകം, ഒരു ഹൃദയo എന്ന വിഷയത്തെ അധികരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഉപന്യാസരചന, ചിത്രരചന, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. വിജയികൾക്ക് മികച്ച സമ്മാനത്തുകകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്കാരത്തിന് 1,23, 456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതി ശിൽപവും പ്രശസ്തി പത്രവും സമ്മാനിക്കുമെന്നു അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു.