വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി ആരംഭിച്ചു
1592921
Friday, September 19, 2025 6:46 AM IST
കുളത്തൂപ്പുഴ : അതിതീവ്ര മനുഷ്യ വന്യജീവി സംഘർഷം അനുഭവപ്പെടുന്ന പഞ്ചായത്തുകളിൽ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കർമപദ്ധതിയുടെ ഒന്നാംഘട്ടം കുളത്തൂപ്പുഴ പഞ്ചായത്തിൽ ആരംഭിച്ചു.
ആദ്യഘട്ടത്തിൽ പഞ്ചായത്ത് പരിധിയിലെ കർഷകർ അടക്കമുള്ള പൊതു ജനങ്ങളിൽ നിന്നും പരാതികളും നിർദേശങ്ങളും ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഓഫീസിലും സമീപ പ്രദേശങ്ങളിലെ വനം വകുപ്പ് ഓഫീസുകളിലുമാണ് പരാതി പെട്ടികളും ഹെല്പ് ഡെസ്കും സ്ഥാപിച്ചിട്ടുള്ളത്.
കുളത്തൂപ്പുഴ, തെന്മല, ശെന്തുരുണി, അഞ്ചൽ റേഞ്ച് പരിധിയിലെ പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങൾക്കാണ് ഒന്നാം ഘട്ടത്തിൽ പരിഹാരം കാണുക. ഒന്നാംഘട്ടത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടാംഘട്ടം ഒക്ടോബർ ഒന്ന് മുതൽ 15 വരെ ജില്ലാതലത്തിലും മൂന്നാം ഘട്ടം ഒക്ടോബർ 16 മുതൽ 30 വരെ സംസ്ഥാന തലത്തിലുമായി നടക്കും.
കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച പരാതിപ്പെട്ടിയുടെയും ആരംഭിച്ച ഹെല്പ് ഡെസ്കിന്റെയും ഉദ്ഘാടനം കഴിഞ്ഞദിവസം രാവിലെ കുളത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലബീവി നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളും കുളത്തൂപ്പുഴ റേഞ്ച് ഓഫീസർ ആർ.എസ്. അരുൺ, തെന്മല റേഞ്ച് ഓഫീസർ സെൽവരാജ്, അഞ്ചൽ റേഞ്ച് ഓഫീസർ ദിവ്യ, ശെന്തുരുണി അസി.വൈൽഡ് ലൈഫ് വാർഡൻ ടി.എസ്. സജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്യം കുമാർ എന്നിവർ പങ്കെടുത്തു.
30 വരെ പരാതിപ്പെട്ടിയിൽ വനം വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളും പരാതികളും നിർദേശങ്ങളും നൽകി മനുഷ്യവന്യജീവി സംഘർഷങ്ങൾ ലഘുകരിക്കുന്നതിനായി നടപ്പിലാക്കുന്ന തീവ്രയജ്ഞപരിപാടിയില് പ്രദേശത്തെ എല്ലാ കർഷകർക്കും പങ്കെടുക്കാവുന്നതാണ്.