കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം: കെ.സി. വേണുഗോപാല്‍ എംപി
1592924
Friday, September 19, 2025 6:46 AM IST
കരുനാഗപ്പള്ളി, ഓച്ചിറ റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം പി കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു. അതോടൊപ്പം ഈ സ്റ്റേഷനുകളിൽ കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന ട്രെിനുകളുടെ സ്റ്റോപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന ആവശ്യവും കെ.സി. വേണുഗോപാല്‍ ഉന്നയിച്ചു.
രാജ്യറാണി എക്സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മൈസൂരു - തിരുവനന്തപുരം (കൊച്ചുവേളി) എക്സ്പ്രസ്, മുംബൈ കൊച്ചുവേളി ഫെസ്റ്റിവല്‍ സ്പെഷ്യല്‍, തിരുവനന്തപുരം നോര്‍ത്ത് എസ് എം വി ടി ബെംഗളൂരു എസി എക്സ്പ്രസ്, എസ് എം വി ബി തിരുവനന്തപുരം സ്പെഷ്യല്‍ എന്നിവയ്ക്ക് കരുനാഗപ്പള്ളിയിലും, മധുര- ഗുരുവായൂര്‍ എക്സ്പ്രസിന് ഓച്ചിറയിലും സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പൂജാ,ദീപാവലി തിരക്കു കണക്കിലെടുത്ത് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ ഡിസംബര്‍ വരെ നീട്ടിയ സാഹചര്യത്തില്‍ ഇവയ്ക്കും കരുനാഗപ്പള്ളിയില്‍ സ്റ്റോപ് അനുവദിക്കണം. വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിവിലേക്കും അവിടെന്ന് ഇങ്ങോട്ടും പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും കെ.സി. വേണുഗോപാല്‍ ഉന്നയിച്ചു.