മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
1592922
Friday, September 19, 2025 6:46 AM IST
കൊല്ലം: കണ്ടെയ്നറുകളിൽ തട്ടി വലയും മൽസ്യബന്ധനോപകരങ്ങളും നഷ്ടമായ മൽസ്യ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക, കടൽ മണൽ ഖനനം ഉപേക്ഷിക്കുക, വൻകിട കപ്പലുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനു അനുമതി നൽകുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചു കൊണ്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇന്ന് രാവിലെ 10 ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലകൃഷ്ണന്റെ അധ്യക്ഷതയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്യും.
കൊല്ലം പരപ്പിലെ ഖനന നീക്കത്തിനെതിരെ സമരപരിപാടികൾ ആരംഭിക്കാനിരിക്കെയാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തുന്നത്. കൊല്ലത്ത് വാടി, നീണ്ടകര, ശക്തികുളങ്ങര, കരുനാഗപ്പള്ളി ഭാഗത്തെ നിരവധി നിരവധി മത്സ്യത്തൊഴിലാളികളുടെ വലകളും മത്സ്യ ബന്ധനോപകരങ്ങളുമാണ് കണ്ടെയ്നറുകളിൽ തട്ടി കേടുപാടുകൾ ഉണ്ടായിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്താതെ കൊല്ലം പരപ്പിനോട് ചേർന്ന് ആഴക്കടല്‍ ഖനനം നടത്തരുതെന്നാണ് മൽസ്യ തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെടുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഖനന നീക്കത്തിനെതിരെ സമരപരിപാടികൾ ആരംഭിക്കുമെന്ന് മൽസ്യ തൊഴിലാളി കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
കൊല്ലം പരപ്പിനോട് ചേർന്ന് ഏത് കമ്പനി ടെൻഡർ എടുത്താലും ആഴക്കടൽ ഖനനത്തിന് അനുവദിക്കുകയില്ലെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എഫ്. അലക്സാണ്ടറും ജില്ലാ പ്രസിഡന്റ് യേശുദാസൻ എസ്. ഫെർണാണ്ടസും ജില്ലാ വൈസ് പ്രസിഡന്റ് റീന നന്ദിനി വലിയത്ത് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.