തകര്‍ന്നു തരിപ്പണമായി അഗസ്ത്യകോട്-ആലഞ്ചേരി റോഡ്
1264888
Saturday, February 4, 2023 11:10 PM IST
അഞ്ചല്‍: നല്ലൊരു മഴപെയ്ത ശേഷം അഗസ്ത്യക്കോട് ആലഞ്ചേരി പാതയിലൂടെ യാത്ര ചെയ്യണം എങ്കില്‍ നീന്തല്‍ അറിഞ്ഞിരിക്കേണ്ട അവസ്ഥയാണ്. പാതയുടെ തകര്‍ച്ചയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കാലപ്പഴക്കത്താല്‍ ടാറിംഗ് ഇളകി മാറിയതിനോപ്പം കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴികള്‍ കൂടി എടുത്തതോടെ റോഡിന്റെ തകര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായി എന്ന് തന്നെ പറയാം. കുണ്ടും കുഴിക്കും അപ്പുറം സ്വകാര്യവ്യക്തികള്‍ എല്ലാം വീടുകള്‍ക്ക് മതില്‍കൂടി നിര്‍മിച്ചതോടെ മഴപെയ്താല്‍ ഒഴുകിയെത്തുന്ന വെള്ളം എങ്ങോട്ടും പോകാതെ ഇവിടെ തന്നെ കെട്ടികിടക്കുകയാണ്.
പിന്നീട് കാൽ നടയാത്രക്കാർക്കും കുട്ടികൾക്കും വഴിമാറി പോകുകയേ നിവര്‍ത്തിയുള്ളൂ. ഇല്ലങ്കിൽ വെള്ളത്തിൽ മുങ്ങിമരിക്കാം. ഇരുചക്ര വാഹന യാത്രികരുടെ കാര്യമാണ് ഏറെകഷ്ടം. കുണ്ടും കുഴിയും വെള്ളക്കെട്ടും താണ്ടി മറുകര എത്തുമ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ കളര്‍ വേറെയാകും. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട ആദ്യ അലയമെന്റ് അഗസ്ത്യകോട് എത്തി ഇവിടെ നിന്നും ഈ പാതയിലൂടെ ആലഞ്ചേരിയില്‍ എത്തും വിധമായിരുന്നു.
എന്നാല്‍ നാട്ടുകാരുടെ നിസഹരണവും നിയമ പ്രശ്നങ്ങളും പിന്നീട് ഈ തീരുമാനം അധികൃതര്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പാതയുടെ തകര്‍ച്ച പരിഹരിക്കാന്‍ വേണ്ട യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരികുകയാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കെട്ടികിടക്കുന്ന ചെളി വെള്ളത്തില്‍ ഇറങ്ങി നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഗസ്ത്യക്കോട് രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
റോഡ് പണിക്കായി ടെൻഡർ ക്ഷെണിച്ചെങ്കിലും നിര്‍മാണം ഏറ്റെടുക്കാൻ ആരും തയാറാകാത്തതാണ് റോഡിന്റെ ഈ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് വാർഡ് മെമ്പർ ശ്രീജ പറയുന്നത്.