സ്കൂള്‍ പാചക തൊ ഴിലാളികള്‍ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ചു
1428466
Monday, June 10, 2024 11:06 PM IST
കൊല്ലം: കഴിഞ്ഞ നാല് മാസമായി ശന്പളമില്ലാതെ കഴിയുന്ന കേരളത്തിലെ സ്കൂള്‍ പാചകതൊഴലാളികള് പ്രക്ഷോഭത്തിന്റെ ഭാഗമായി സ്കൂളുകളില്‍ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്തു പ്രതിഷേധിച്ചു.
വേതന കുടിശിക ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമര പരിപാടികളിലേക്ക് തൊഴിലാളികള്‍ നീങ്ങുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്സേട്ട് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പാചക തൊഴിലാളികളും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
500 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്ന സര്‍ക്കാരിന്റെ നയം മാറ്റി 150 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന നിലയില്‍ തീരുമാനം എടുക്കണം. ആറ് വര്‍ഷം മുമ്പ് നിശ്ചയിച്ച വേതനമാണ് ഇന്നും നിലനില്‍ക്കുന്നത്. തൊഴിലാളികളുടെ ദിവസ വേതനം 900 രൂപയായി വര്‍ധിപ്പിക്കണം.
മുപ്പതും നാല്പതും വര്‍ഷമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിരമിക്കല്‍ പ്രായമോ ആനുകൂല്യങ്ങളോ നാളിതുവരെ നിശ്ചയിച്ചിട്ടില്ല. തൊഴിലാളികള്‍ക്ക് അര്‍ഹമായ വിരമിക്കല്‍ ആനുകൂല്യം നല്കാന് സര്‍ക്കാര്‍ തയാറാകണം.
മുടങ്ങിയ വേതനം ഉടന്‍ നല്‍കിയില്ലെങ്കില്‍ ഐഎന്‍ടിയൂസി യുടെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് പാചക തൊഴിലാളി കോണ്‍ഗ്രസ് ഐ എന്‍ ടി യൂ സി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ടും ഐ എന്‍ ടി യൂ സി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജോസ് വിമല്‍രാജും, സംഘടനാ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.പി റോയിയും മുന്നറിയിപ്പ് നല്കി.