നെടുവണ്ണൂര്‍ക്കടവ് -പൂമ്പാറ പാതയില്‍ മാലിന്യ നിക്ഷേപം; പതിവ് കാല്‍നടപോലും ദുഷ്കരമെന്ന് നാട്ടുകാര്‍
1496532
Sunday, January 19, 2025 6:33 AM IST
തെന്മല: തെന്മല കുളത്തൂപ്പുഴ പാതയില്‍ നെടുവണ്ണൂര്‍കടവ് പൂമ്പാറ പാതയുടെ ഇരുവശവും മാലിന്യങ്ങള്‍ നിറഞ്ഞു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പൂമ്പാറ പ്രദേശത്തേക്ക് പോകാനുള്ള പ്രധാന പാതയുടെ വശങ്ങളിലാണ് രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിയും അല്ലാതെയും വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്നത്.
ഇറച്ചി മാലിന്യങ്ങള്‍ കൂടാതെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഉള്‍പ്പടെയുള്ള മാലിന്യങ്ങളും വലിയ അളവില്‍ തള്ളിയതോടെ വലിയ ബുദ്ധിമുട്ടിലാണ് പ്രദേശവാസികള്‍. ഏതാനും വര്‍ഷങ്ങളായി തുടരുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ നിരവധി പരാതികള്‍ ഉയരുന്നെങ്കിലും നടപടി ഉണ്ടാകുന്നില്ല.
അധികാരികള്‍ കണ്ണടച്ചതോടെ പൊതുപ്രവര്‍ത്തകനായ റോയ് ഉമ്മന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരടങ്ങുന്ന നാട്ടുകാര്‍ മാലിന്യം നീക്കം ചെയ്തു. വര്‍ഷങ്ങളായി തുടരുന്ന മാലിന്യ നിക്ഷേപം മൂലം സമീപത്തെ വനത്തില്‍ നിന്നുള്ള കാട്ടുപന്നി ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ പാതയില്‍ സ്വൈര വിഹാരം നടത്തുകയാണ്.
മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും മാലിന്യം നിക്ഷേപം തുടര്‍ന്നാല്‍ കര്‍മസമിതിക്ക് രൂപം നൽകി രാത്രികാല പരിശോധന ആരംഭിക്കാനാണ് നാട്ടുകാരുടെ നീക്കം.