പതിവു തെറ്റിച്ചില്ല : ടൗണ്‍ ഹാള്‍ ഇക്കുറിയും പുനലൂർ നഗരസഭാ ബജറ്റില്‍
1535706
Sunday, March 23, 2025 6:24 AM IST
പുനലൂര്‍ : നാടകസമിതിയായിരുന്ന കെപിഎസിയുടെ സ്ഥാപക പ്രസിഡന്റും എംഎല്‍എയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എന്‍.രാജഗോപാലന്നായര്ക്ക് സ്മാരകമായി പുനലൂരില്‍ ടൗണ്‍ ഹാള്‍ നിര്‍മിക്കാനുള്ള പദ്ധതി പതിവുപോലെ ഇക്കുറിയും നഗരസഭാ ബജറ്റില്‍. 19 വര്‍ഷം മുമ്പ് ആദ്യ തറക്കല്ലിടുകയും പ്രാഥമിക നിര്‍മാണം തുടങ്ങി കഴിഞ്ഞ മൂന്നുവര്‍ഷമായി നിലച്ചുകിടക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. രണ്ടുപതിറ്റാണ്ടിലധികമായി നഗരസഭയുടെ ബജറ്റുകളില്‍ സ്ഥിരമായി ഇടംപിടിക്കുന്ന ഈ പദ്ധതി കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2006-ല്‍ ആദ്യ തറക്കല്ലിട്ട പദ്ധതിക്കായി പിന്നീട് രണ്ടുതവണ കൂടി തറക്കല്ലിട്ടിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് പലതവണ നിര്‍മാണോദ്ഘാടനവും നടത്തി. ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്തായി തൂണുകള്‍ നിര്‍മിക്കാന്‍ 1.60 കോടി രൂപ മുടക്കി കമ്പികള്‍ കുഴിച്ചിട്ടതുമാത്രമാണ് 19 കൊല്ലത്തിനിടെ ആകെ ചെയ്തത്.
കഴിഞ്ഞ ഭരണസമിതി ബഹുവര്‍ഷ പദ്ധതിയായി ഉള്‍പ്പെടുത്തിയാണ് കമ്പികള്‍ കുഴിച്ചിട്ടത്. മൂന്നുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുംവിധം അവിഷ്കരിച്ച പദ്ധതിക്ക് 9.95 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ള ചെലവ്. പദ്ധതിവിഹിതത്തില്‍ നിന്നും 1.60 കോടി രൂപ ചെലവഴിച്ച് 2022 മാര്‍ച്ചിലാണ് നഗരസഭ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.
ഇനി കേരളാ അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനിൽ (കെയുആര്‍ഡിഎഫ്സി) നിന്നും എട്ടുകോടിയോളം രൂപ വായ്പയെടുത്തു വേണം നിര്‍മാണം പുനരാരംഭിക്കാന്‍.
കമ്യൂണിസ്റ്റ് നേതാവായിരുന്ന രാജഗോപാലന്നായര്ക്കായി പതിറ്റാണ്ടുകള്‍ക്കു ശേഷവും സ്മാരകം നിര്‍മിക്കാന്‍ നഗരസഭയ്ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ പി.എസ്. സുപാല്‍ എംഎല്‍എ ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പുതിയ സ്മാരകപദ്ധതിയുമായി രംഗത്തെത്തിയിരുന്നു.
രണ്ടുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 20 ശതമാനം തുക വകയിരുത്തുകയും ചെയ്തു. രാജഗോപാലന്‍നായരുടെ സമഗ്രസംഭാവനകള്‍ പ്രതിപാദിക്കാന്‍ കഴിയുന്ന സമുച്ചയമാണ് പദ്ധതിയിട്ടുള്ളതെന്നും ഗ്രന്ഥശാല, സാംസ്കാരിക കേന്ദ്രം, നാടക ഗവേഷണകേന്ദ്രം തുടങ്ങിയവ ഉള്‍ക്കൊള്ളിക്കാന്‍ ആലോചിച്ചിട്ടുണ്ടെന്നുമാണ് എംഎല്‍എ അറിയിച്ചിട്ടുള്ളത്.
വർഷങ്ങളായി ബജറ്റിൽ ഉന്നയിക്കുന്ന വികസനങ്ങൾ എല്ലാം ഇക്കുറിയും പ്രഖ്യാപനങ്ങളായി സ്ഥാനം നേടിയിട്ടുണ്ട്.