വേനൽ മഴയിൽ പാരിപ്പള്ളി, കല്ലുവാതുക്കൽ ജംഗ്ഷനുകൾ മുങ്ങി
1535712
Sunday, March 23, 2025 6:25 AM IST
പാരിപ്പള്ളി : അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ പാരിപ്പള്ളി, കല്ലുവാതുക്കൽ ജംഗ്ഷനുകൾ നദിക്ക് സമാനമായി വെള്ളം ഉയർന്നു ഒഴുകി. പാരിപ്പള്ളി ജംഗ്ഷനിൽ അരയ്ക്കൊപ്പമാണ് വെള്ളം ഉയർന്നത്. നാട്ടുകാർ വെള്ളത്തിലിറങ്ങി നീന്തുകയും അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.
രോഗികളുമായി പോയ ആംബുലൻസുകൾ ഉൾപ്പെടെ പകുതിയോളം വെള്ളത്തിൽ മുങ്ങി ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് നീങ്ങിയത്.
പഞ്ചായത്തിന്റെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ കടകളിൽ വെള്ളം ഇരച്ചുകയറി. ദേശീയ പാതയിലെ മേൽപ്പാലത്തിന് ചുറ്റും വെള്ളക്കെട്ടായിരുന്നു. സർവീസ് റോഡും ഓടയും നിർമിച്ചു കഴിഞ്ഞെങ്കിലും വെള്ളം ഒഴുകിപ്പോയില്ല. ഓടയുടെ മേൽമൂടിയായ കോൺക്രീറ്റ് പാളികളിലെ ദ്വാരങ്ങൾ അടഞ്ഞിരുന്നതും വെള്ളം ഒഴുകിപ്പോകാൻ മറ്റ് സംവിധാനങ്ങളില്ലാതിരുന്നതും വെള്ളക്കെട്ട് രൂക്ഷമാകാൻ ഇടയാക്കി.
ഉച്ചയ്ക്ക് ശേഷം പെയ്ത മഴ ജനജീവിതം ദുരിതമാക്കി. പാരിപ്പള്ളി ജംഗ്ഷന് സമാനമായ അവസ്ഥയായിരുന്നു കല്ലുവാതുക്കൽ ജംഗ്ഷനിലെ അണ്ടർപാസേജിലും ചുറ്റുവട്ടത്തും. ഇവിടെയും വാഹനങ്ങൾ ദുരിതത്തിലായി വ്യാപാരികളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചു. ചാത്തന്നൂർ ജംഗ്ഷനിൽ വെള്ളക്കെട്ടുണ്ടായില്ലെങ്കിലും നിർമാണം നടന്നു കൊണ്ടിരിക്കുന്ന റോഡ് ഇടിഞ്ഞു വീണു തുടങ്ങി.
അശാസ്ത്രീയമായ റോഡ് നിർമാണം മൂലം മഴവെള്ളം ഒഴിച്ചു പോകാൻ കഴിയാത്തതാണ് പാരിപ്പള്ളി ജംഗ്ഷനിലെ വെള്ളക്കെട്ടിന് കാരണമെന്ന് പാരിപ്പള്ളി വികസന സമിതി ആരോപിച്ചു.പുതിയ ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാവുകയും വ്യാപാരികൾ കട അടച്ചിടേണ്ട സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു.യാതൊരു ഉത്തരവാദിത്വവുമില്ലാതെയാണ് റോഡ് നിർമാണം നടത്തുന്നത്. റോഡ് സുരക്ഷയ്ക്ക് അടിയന്തര നടപടി ഉണ്ടാവണമെന്ന് പാരിപ്പള്ളി വികസന സമിതി ആവശ്യപ്പെട്ടു.