അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 15 ലക്ഷം രൂപയുടെ ധനസഹായം
1569958
Tuesday, June 24, 2025 6:02 AM IST
കൊല്ലം: കെ.സി. വേണുഗോപാൽ എംപിയുടെ അഭ്യർഥനപ്രകാരം ഐആർഇ സാമൂഹ്യ സുരക്ഷ ഫണ്ടിൽ നിന്നും അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 15 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിനുമായാണ് തുക അനുവദിച്ചത്.
സാമൂഹ്യ സുരക്ഷാ ഫണ്ടിൽ നിന്നും ധനസഹായം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി ഐആർഇക്ക് നേരത്തെ കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സ്തനാർബുദ പരിശോധനയ്ക്കുള്ള ഉപകരണത്തിനായി ആറ് ലക്ഷം രൂപയും, അഞ്ച് ഓക്സിജൻ കോൺസൺട്രേറ്ററുകൾക്കായി 4,25,000 രൂപയും നെബുലൈസർ, വാട്ടർ ബെഡ്, ഗ്ലൂക്കോമീറ്റർ ,സ്ട്രിപ്പ് എന്നീ മെഡിക്കൽ ഉപകരണങ്ങൾക്കായി 46,900 രൂപയും വകയിരുത്തിയിട്ടുണ്ട്. ശേഷിക്കുന്ന തുക കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ലാപ്ടോപ്പുകൾക്കും ഓഫീസ് ഉപകരണങ്ങൾക്കുമായി വകയിരുത്തി.
അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന പ്രദേശവാസികളുടെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിന് ഈ തുക കൂടുതൽ സഹായകരമാകും. ആശുപത്രികളുടെ നവീകരണം, ആരോഗ്യ മേഖലയിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഇത്തരത്തിൽ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് സാമൂഹ്യ സുരക്ഷാ ഫണ്ടുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.