മന്ന - പൊതിച്ചോറ് പദ്ധതി ഉദ്ഘാടനം ചെയ്തു
1569964
Tuesday, June 24, 2025 6:10 AM IST
കുളത്തൂപ്പുഴ : ഭാരതീപുരം കാർമൽഗിരി സെൻട്രൽ സ്കൂളിൽ അനാഥരും നിരാശ്രയരുമായ സഹോദരങ്ങളോട് കുട്ടികൾക്ക് കരുണയും പ്രതിബദ്ധതയും വർധിപ്പിക്കുന്നതിനായി ‘മന്ന പൊതിച്ചോറ്’ പദ്ധതിക്കു തുടക്കമിട്ടു.
മൂല്യ ശോഷണം വർധിച്ചു വരുന്ന പുതുതലമുറയിൽ, വിദ്യാഭ്യാസത്തോടൊപ്പം നിസ്വാർഥ മനോഭാവവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഉത്തമ പൗരന്മാരായി വളർന്നു വരുന്നതിനു ഉതകുന്ന രീതിയിൽ ഓരോ പ്രവർത്തനങ്ങളും തുടരണം എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് സ്കൂൾ ബർസാർ ഫാ.ജോഷ്വാ കൊച്ചുവിളയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. "നമ്മുടെ ആഹാരം വിശക്കുന്ന സഹോദരങ്ങൾക്ക് പങ്കിടുമ്പോഴാണ് അതിന് സ്വാദേറുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഷാലി സേവ്യർ പറഞ്ഞു.
പദ്ധതി ഈ ഒരു വിദ്യാഭ്യാസ വർഷം മുഴുവനും തുടരുന്നതിന് കുട്ടികൾ തീരുമാനിച്ചു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളുടെ മേൽനോട്ടത്തിൽ എല്ലാ അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളും പങ്കാളികളായി.