കുട്ടികളിലെ ലഹരി തടയാൻ ഡീ ടോക്സ് ഒരുങ്ങുന്നു
1226592
Saturday, October 1, 2022 10:57 PM IST
പത്തനംതിട്ട: കുട്ടികളിലെ ലഹരിഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ കര്‍ശനമായി ഇടപെടാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡീ ടോക്സ് സംവിധാനത്തിനു ജില്ലയിൽ തുടക്കമായി. മയക്കുമരുന്നിനോടുള്ള ആസക്തി മുതർന്നവരിലും വർധിക്കുന്നതു കുട്ടികൾക്കു വളമാവുകയാണ്. അതിനാല്‍ രക്ഷിതാക്കള്‍ക്കുള്ള തിരുത്തല്‍ സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്നു സിഡബ്ല്യുസി അധികൃതർ പറഞ്ഞു.
സമൂഹ മാധ്യമ ദുരുപയോഗം
ജില്ലയിൽ സിഡബ്ല്യുസിക്കു മുന്നിലെത്തുന്ന കേസുകളിൽ 60 ശതമാനവും സാമൂഹ്യമാധ്യങ്ങളുടെ ദുരുപയോഗത്തിലൂടെയുള്ളതെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് പദ്ധതിയെക്കുറിച്ചു പ്രാഥമിക ചർച്ച നടന്നതെന്നു മെംബർ ഷാൻ രമേശ് ഗോപൻ പറഞ്ഞു.
പ്രതിരോധവും ചികിത്സയും പദ്ധതിയുടെ ഭാഗമാകും. ഇതിനു പ്രത്യേക ടീം പ്രവർത്തിക്കും. ടോൾ ഫ്രീ നന്പരും ലഭ്യമാക്കും. വിവിധ വകുപ്പുകളുടെ സഹകരണവും വിദഗ്ധരുടെ സേവനവും ലഭ്യമാക്കും.
വിദഗ്ധരുടെ യോഗം ആദ്യം ചേർന്നു രൂപരേഖ തയാറാക്കി. സ്കൂള്‍ തലത്തില്‍ വരെ എത്തുന്ന വിവിധ പരിശീലന പരിപാടികൾ, കൗണ്‍സലിംഗ്, കിടത്തി ചികിത്സ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
വനിതാശിശു വികസനം, എസ്എസ്കെ, എക്സൈസ്, പോലീസ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഏകോപനം ഈ പദ്ധതിയിൽ ഉണ്ടാകും.
മൊബൈൽ വില്ലൻ
കുട്ടികളിലെ ലഹരി ഉപയോഗത്തിനു മാധ്യമമാകുന്നതു മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളാണെന്നു വിലയിരുത്തൽ. ഡിജിറ്റല്‍ ഉപകരണങ്ങള്തന്നെ ലഹരിയായി മാറുന്നതും സിഡബ്ല്യുസിയുടെ മുന്പില് വരുന്നുണ്ട്. പതിനാറു വയസില്‍ താഴെ ഗര്‍ഭിണികളായ കുട്ടികള്‍, ആവര്‍ത്തിച്ചു പോക്സോ അതിജീവിതയായ കുട്ടികള്‍, മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരില്‍ വീട് വിട്ട് ഇറങ്ങിപ്പോവുകയും ഇതരസംസ്ഥാനങ്ങളില്‍നിന്നു കണ്ടെത്തുകയും ചെയ്തവര്‍, കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം നഗ്നഫോട്ടോ എടുത്തു കൂട്ടുകാര്‍ക്കു പങ്കുവച്ചവര്‍, ലഹരിയുടെ കടത്തുകാരായും സ്കൂളിലെ ഏജന്റായും പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ പെരുകുന്ന പ്രശ്നങ്ങളെ മുൻനിർത്തിയാണ് ഡീടോക്സ് പദ്ധതി.