തെള്ളിയൂർക്കാവ് വാണിഭം നാളെ സമാപിക്കും
1243166
Friday, November 25, 2022 10:25 PM IST
മല്ലപ്പള്ളി: തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം നാളെ സമാപിക്കും. വാണിഭ നഗറിൽ ഇന്ന് ആരോഗ്യ പ്രവർത്തകരെ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ആദരിക്കും.
ഭക്തിയും ചരിത്രവും, സംസ്കാരവും സമ്മേളിക്കുന്ന തെള്ളിയൂർക്കാവ് വാണിഭം നാട്ടുകാർക്ക് ഒരു കൂട്ടായ്മയുടെ നിർവൃതിയുമാണ്. വൃശ്ചികം ഒന്നിന് ആരംഭിച്ച വാണിഭത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി നിരവധിയാളുകളാണ് എത്തിയത്. പഴമയുടെ പ്രതീകങ്ങളായ ഉത്പന്നങ്ങൾ തേടിയാണ് പലരും തെള്ളിയൂർക്കാവിലേക്കെത്തിയത്.
കേരളീയ പാരമ്പര്യം വിളിച്ചോതുന്ന ഗൃഹോപകരണങ്ങളും കാർഷികോപകരണങ്ങളും തെള്ളിയൂർക്കാവ് വാണിഭത്തിന്റെ സവിഷേതയാണ്. പറ, നാഴി, ചങ്ങഴി തുടങ്ങിയ അളവ് ഉപകരണങ്ങൾക്ക് ആധുനിക കാലത്ത് ഉപയോഗമില്ലെങ്കിലും കാഴ്ചവസ്തുവായി സൂക്ഷിക്കുന്നതിനായി ഇവ വാങ്ങാനെത്തുന്നവർ നിരവധിയാണ്. ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കില്ലെന്നു കാലം തെളിയിച്ച് മൺപാത്രങ്ങൾ, കൽഭരണി, ചിരട്ടത്തവി, പുൽപ്പായ, തഴപ്പായ, മെതിയടി തുടങ്ങിയവ വാണിഭ നഗറിലേക്ക് നിരവധിയാളുകളെ ആകർഷിക്കുന്നു.
കറിക്കത്തി, ചിരവ, വെട്ടുകത്തി, അരിവാൾ, ചുറ്റിക കൊടിൽ, കരണ്ടി തുടങ്ങിയവയും തൂമ്പ, മൺവെട്ടി, കോടാലി, തൂമ്പാക്കൈയ്, മഴുക്ക് മുതലായ കാർഷികോപകരണങ്ങളും അടങ്ങുന്ന വ്യാപാരശാലകളിൽ തിരക്ക് ഏറെയാണ്.
മുറം, കുട്ട, വട്ടി, പരന്പ്, ആട്ടുകല്ല്, അരകല്ല്, ഉരൽ, ഉലക്ക തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങൾക്കൊപ്പം ഓട്, ചെമ്പ്, പിത്തള, സ്റ്റീൽ, അലൂമിനിയം ലോഹങ്ങളിലുള്ള ഉല്പന്നങ്ങളും ലഭ്യമാണ്.
ഡി. ഗോപാലകൃഷ്ണൻ നായർ പ്രസിഡന്റായുള്ള ശ്രീരാമാശ്രമം ട്രസ്റ്റിന്റെ ചുമതലയിലാണ് തെള്ളിയൂർക്കാവ് വാണിഭത്തോടനുബന്ധിച്ചുള്ള വ്യാപാരമേള നടന്നുവരുന്നത്.