അറബിക് കലോത്സവം: നൗഷാദ് സാറും പിള്ളേരും കലക്കി
1245140
Friday, December 2, 2022 10:50 PM IST
തിരുവല്ല: അധ്യാപകനായ നൗഷാദ് കൊടുവള്ളിയുടെ ശിക്ഷണത്തിൽ അറബിക് കലോത്സവത്തിൽ കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. 50 പോയിന്റോടെയാണ് കോന്നി ഗവൺമെന്റ് സ്കൂൾ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ ഐരവൺ പിഎസ് വിപിഎം എച്ച്എസ്എസിന് 45 പോയിന്റു ലഭിച്ചു.
22 വിദ്യാർഥികളെ ഒരേ പോലെ പരിശീലിപ്പിച്ച് ജില്ലാ കലോത്സവ വേദിയിൽ ഒന്നാം സ്ഥാനം ഇവർ കരസ്ഥമാക്കി. അറബിക് സംഘഗാനം, നാടകം, മോണോ ആക്ട്, കഥാപ്രസംഗം, കവിത അന്താക്ഷരി തുടങ്ങി 19 മത്സര ഇനങ്ങളിൽ 13 ഒന്നാം സ്ഥാനങ്ങളാണ് കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടിയത്. മൂന്ന് മാസത്തോളം നീണ്ട പരിശീലനമാണ് വിദ്യാർഥികളെ ഈ നിലയിൽ പ്രാപ്തരാക്കി തീർത്തത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ നൗഷാദ് 15 വർഷങ്ങൾക്ക് മുന്പ് അടൂർ ബിഎഡ് കോളജിൽ അധ്യാപക പഠനം പൂർത്തിയാക്കാനാണ് പത്തനംതിട്ട ജില്ലയിൽ എത്തിയത്. പഠനത്തിന് ശേഷം ജില്ലയിൽ എരുമേലി, അടൂർ തുടങ്ങിയ സ്കൂളുകളിൽ ജോലി ചെയ്ത ശേഷം കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനാകുകയായിരുന്നു.