രണ്ടുയുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്ന് പുറത്താക്കി
1246307
Tuesday, December 6, 2022 10:31 PM IST
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും അറിയപ്പെടുന്ന റൗഡി' ലിസ്റ്റില്പെട്ടവരുമായ രണ്ടുയുവാക്കളെ ജില്ലയില്‍ നിന്നും ആറുമാസത്തേക്ക് പുറത്താക്കി ഉത്തരവായി. കേരള സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ കാപ്പ നിയമപ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് നടപടിയെടുത്തത്.
കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേച്ചരിവ് വിഷ്ണുഭവനത്തില്‍ വിഷ്ണു തമ്പി (26), പന്തളം തെക്കേക്കര പൊങ്ങലടി തെങ്ങുവിള വീട്ടില്‍ ഉണ്ണി (24) എന്നിവരെയാണ് ജില്ലയില്‍ നിന്നും പുറത്താക്കിയത്. അടിപിടി, ഭീഷണിപ്പെടുത്തല്‍, കഠിനദേഹോപദ്രവം ഏല്പിക്കല്, സംഘം ചേര്‍ന്നുള്ള ആക്രമണം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസമുണ്ടാക്കുകയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്നതാണ് ഇരുവര്‍ക്കുമെതിരേയുള്ള കുറ്റങ്ങള്‍.
എട്ട് കേസുകളാണ് കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ വിഷ്ണുവിനെതിരേയുള്ളത്. 2019 മുതല്‍ പത്തനംതിട്ട, കൊടുമണ്‍ പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകളില്‍ പ്രതിയാണ് ഉണ്ണി. ഇരുവര്‍ക്കുമേതിരെ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ ശിപാര്‍ശപ്രകാരമാണ് ഉത്തരവുണ്ടായത്. ഇവര്‍ പ്രതികളായ കേസുകളില്‍ വിഷ്ണുവിന്റെ ഒരു കേസ് ഒഴികെ ബാക്കിയുള്ളവയിലെല്ലാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചവയാണ്.