പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി പന്പാവാലിയിൽ നിന്ന്
1263334
Monday, January 30, 2023 10:03 PM IST
റാന്നി: പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസുമായി പെരുനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ചെലവിൽ കെഎസ്ആർടിസി ആരംഭിക്കുന്ന ആദ്യ ഗ്രാമവണ്ടി സർവീസ് കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളിൽ നിന്നാരംഭിക്കാനാണ് തീരുമാനം.
എരുമേലി പഞ്ചായത്തിലെ പമ്പാവാലി, കണമല, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, ഇടകടത്തി, മുട്ടപ്പള്ളി, മുക്കൂട്ടുതറ, എലിവാലിക്കര ഉൾപ്പെടെ കിഴക്കൻ മലയോര മേഖലയിലെ നാട്ടുകാർക്ക് എരുമേലി, റാന്നി വഴി സഞ്ചരിക്കാതെ പത്തനംതിട്ടയിൽ എത്താൻ കഴിയുന്ന തരത്തിലാണ് ഗ്രാമവണ്ടിയുടെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. പമ്പാവാലിയിൽ നിന്നു രാവിലെ ആദ്യ സർവീസ് പുറപ്പെടും. ഇലവുങ്കൽ, ളാഹ, പെരുനാട്, വടശേരിക്കര, വഴി പത്തനംതിട്ടയിലേക്കും തുടർന്ന് ഇതേ റൂട്ടിൽ പമ്പാവാലിയിലേക്ക് തിരികെയുമെത്തും.
പിന്നീടുള്ള ട്രിപ്പുകളിൽ ഒരെണ്ണം എരുമേലി ടൗണിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. തിരികെ വെച്ചൂച്ചിറ വഴി റാന്നി വരെയെത്തും. വൈകുന്നേരം ഒരു ട്രിപ്പ് പത്തനംതിട്ടയിലേക്കാണ്, തിരികെ പെരുനാട് വഴി പന്പാവാലിയിലേക്ക് സർവീസുണ്ടാകും. അടുത്തയാഴ്ചയോടെ ബസ് ഓടിത്തുടങ്ങും. പത്തനംതിട്ട ഡിപ്പോയിലെ ഒരു ഓർഡിനറി ബസാണ് ഗ്രാമവണ്ടിയായി മാറുക.
എരുമേലി പഞ്ചായത്തിലെ പമ്പാവാലി, കണമല, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, ഇടകടത്തി വാർഡുകൾ ഉൾപ്പെടുന്ന കിഴക്കൻ മലയോര മേഖലയോട് തൊട്ടു ചേർന്നാണ് പെരുനാട് പഞ്ചായത്തിലെ കിഴക്കൻ മേഖലയിലുള്ള മൂന്ന് വാർഡുകൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലെ നാട്ടുകാർക്ക് പെരുനാട് പഞ്ചായത്ത് ആസ്ഥാനത്ത് എത്തണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സ്ഥിതിയിലായിരുന്നു.
കോട്ടയം ജില്ലയിലെ എരുമേലി വഴി റാന്നിയിൽ എത്തി പെരുനാടിന് ബസ് കയറേണ്ട ദീർഘദൂര യാത്രയ്ക്കാണ് ഗ്രാമ വണ്ടി ആകുന്നതോടെ പരിഹരിക്കപ്പെടുന്നതെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ പറഞ്ഞു.
പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണ് വാർഡ് സ്ഥിതി ചെയ്യുന്നത് എരുമേലി പഞ്ചായത്തിലെ ഇടകടത്തിക്ക് സമീപമാണ്. ഇടകടത്തിയിൽ നിന്നു പമ്പയാറിന്റെ കുറുകെയുള്ള കോസ്വേ പാലമാണ് അറയാഞ്ഞിലിമണ്ണിലേക്കുള്ള ഏക ഗതാഗതമാർഗം.
അറയാഞ്ഞിലിമണ്ണുകാർക്ക് സ്വന്തം പഞ്ചായത്തായ പെരുനാട്ടിലെത്താൻ ഇടകടത്തി വഴി എരുമേലിയിൽ എത്തണം. ഇതിനും പരിഹാരമാകുകയാണ് ഗ്രാമവണ്ടി. ഇനി അറയാഞ്ഞിലിമണ്ണുകാർക്ക് പമ്പാവാലിയിൽ എത്തിയാൽ ഗ്രാമവണ്ടി വഴി നേരിട്ട് പെരുനാട് എത്താനാകും.
ദിവസവും 3500 രൂപ ഇന്ധന ചെലവ് വഹിക്കാമെന്നു പെരുനാട് പഞ്ചായത്ത് ഉറപ്പ് നൽകിയതോടെയാണ് സർവീസ് ആരംഭിക്കാൻ അനുമതിയായത്. 180 കിലോമീറ്റർ ദൂരം വരെ പഞ്ചായത്ത് നിർദേശിക്കുന്ന സ്ഥലങ്ങളിൽ സർവീസ് നടത്തണമെന്നാണ് നിർദേശം. ബാക്കി സമയം മറ്റ് റൂട്ടുകളിൽ സർവീസ് നടത്തുമെന്നും പത്തനംതിട്ട എടിഒ തോമസ് മാത്യു പറഞ്ഞു.