പോക്സോ കേസ് പ്രതി ഏഴുവർഷത്തിനുശേഷം പിടിയിൽ
1263343
Monday, January 30, 2023 10:09 PM IST
പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഏഴു വർഷങ്ങൾക്കുശേഷം അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ, പാലക്കൽ ആയിരക്കുഴി പാലവിളയിൽ പുത്തൻ വീട്ടിൽ പ്രശാന്താ(35)ണ് അറസ്റ്റിലായത്.
2016ൽ സംഭവശേഷം ഒളിവിൽ പോയ പ്രതി പെരുമ്പാവൂരിലെത്തുകയും ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും, ഇവർക്കൊപ്പം പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക, ഇടുക്കി, തൃശൂർ, അങ്കമാലി, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എറണാകുളം കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്നയാളുടെ തിരിച്ചറിയൽ രേഖകളും, മേൽവിലാസവും ഉപയോഗിച്ചായിരുന്നു ഒളിവിൽ കഴിഞ്ഞത്. അടൂർ പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്ഐ എം. മനീഷ് എന്നിവരടങ്ങുന്ന സംഘം തന്ത്രപരമായാണ് പ്രശാന്തിനെ കുടുക്കിയത്.