ബജറ്റിൽ ജില്ലയ്ക്ക് കടുത്ത അവഗണനയെന്ന് ഡിസിസി
1264555
Friday, February 3, 2023 11:04 PM IST
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ ജനങ്ങളുടെമേല്‍ പെട്രോളിനും ഡീസലിനുമുള്പ്പെടെ സമസ്ത മേഖലകളിലും സംസ്ഥാന ബജറ്റിലൂടെ അധിക നികുതി ചുമത്തി ജനങ്ങളെ വീണ്ടും വീണ്ടും കൊള്ളയടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.
ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും മൂന്ന് ജനപ്രതിനിധികളുമുണ്ടായിട്ടും പത്തനംതിട്ട ജില്ലയ്ക്ക് കാര്യമായ യാതൊരു പരിഗണനയും നൽകിയിട്ടില്ല. നേരത്തെ അനുവദിച്ചതും പാതിവഴയിലായതുമായ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ പോലുമുള്ള നിർദേശങ്ങളില്ല. ബജറ്റിലെ ടോക്കൺ തുകയുടെ പേരിൽ മേനി നടിക്കാനുള്ള ശ്രമമാണ് എംഎൽഎമാർ നടത്തുന്നതെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ജില്ലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കും ബജറ്റിലെ നികുതി കൊള്ളയ്ക്കുമെതിരെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ജനങ്ങളെ പിഴിയുന്ന ബജറ്റെന്ന് വിക്ടർ
പത്തനംതിട്ട: ജനങ്ങളെ പിഴിയുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ്. പെട്രോൾ, ഡീസൽ വില വർധന എല്ലാ മേഖലയെയും ബാധിക്കും.
നികുതികളിലെ വർധനയും സാധാരണക്കാരെ പിഴിയാനുള്ളതാണ്. ക്ഷേമപെൻഷനുകൾ വർധിപ്പിച്ചിട്ടില്ല. ജില്ലയുടെ വികസനത്തിനുതകുന്ന ഒരു പദ്ധതിയും ബജറ്റിൽ ഇടംനേടിയിട്ടില്ലെന്നും വിക്ടർ ടി. തോമസ് ചൂണ്ടിക്കാട്ടി.
ടോക്കൺ
പദ്ധതികൾ മാത്രം:
റിങ്കു ചെറിയാൻ
റാന്നി: ടോക്കൺ പദ്ധതികളിലൂടെ റാന്നിയെ കബളിപ്പിക്കുകയാണ് ബജറ്റെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. നടപ്പിലാകുമെന്ന് ഉറപ്പില്ലാത്ത കുറെ പദ്ധതികളാണ് പത്തനംതിട്ട ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. റാന്നയിൽ ഒഴുവൻപാറ റോഡിനു മാത്രമാണ് പണമുള്ളത്.
പണി പൂർത്തിയാകാത്ത റാന്നി സമാന്തര പാലവും ശബരിമല ഇടത്താവളം പൂർത്തീകരണവും സ്വപ്ന പദ്ധതികളായി അവശേഷിക്കും. കുരുന്പൻമൂഴി, അരയഞ്ഞാലിമൺ പ്രദേശങ്ങളുടെ പാലം എന്ന ആവശ്യം നിരാകരിക്കപ്പെട്ടു.
വന്യമൃഗ ശല്യത്തിൽ പൊറുതി മുട്ടുന്നവർക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും പ്രഹസനമാണെന്ന് റിങ്കു ചെറിയാൻ പറഞ്ഞു.