പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായതായി ആന്റോ ആന്റണി എംപി അറിയിച്ചു. 12.41 കോടി രൂപയുടെ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കത്തക്ക രീതിയിലാണ് കരാറെന്നും എംപി പറഞ്ഞു. 22 കോടി രൂപയുടെ വികസന പ്രവർത്തനമാണ് അമൃത് ഭാരത് പദ്ധതിയിൽ തിരുവല്ലയിൽ നടപ്പാക്കാൻ നിർദേശിച്ചിരുന്നത്. കഴിഞ്ഞ ബജറ്റിൽ ഇതിൽ പത്തുകോടി രൂപ അനുവദിച്ചിരുന്നു.
ഒന്നാം നന്പർ പ്ലാറ്റ്ഫോം ഉയർത്തുന്നതു സംബന്ധിച്ച നിർദേശം ഉണ്ടായിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ ഇതുൾപ്പെടില്ലെന്നാണ് സൂചന.
പ്രവേശന കവാടം നവീകരിക്കും
ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളിൽ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിർമാണവും പ്ലാറ്റ്ഫോമുകളിലെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുന്നു.
പ്രവേശന കവാടത്തിലെ പോർച്ച്, എൻട്രൻസ് ആർച്ച്, ഫുട്ട് ഓവർ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വർധിപ്പിക്കൽ, സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്കു സുഗമമായി കടന്നുവരുന്നതിനും പോകുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം വർധിപ്പിക്കുക.
ലാൻഡ് സ്കേപ്പിംഗ്, പ്ലാറ്റ്ഫോമുകൾ നവീകരിക്കുക, പ്ലാറ്റ്ഫോമുകളിലെ മേൽക്കൂരകൾ പൂർണമായും റൂഫിംഗ് ചെയ്യുക, റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ശൗചാലയങ്ങൾ നിർമിക്കുക, ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുക, സ്റ്റേഷന്റെ എല്ലാ ഭാഗത്തും പൂർണമായും വെളിച്ചം പകരുക, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകൾ, വാഷ്ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷൻ, ഫർണിച്ചറുകൾ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ അറേഞ്ച്മെന്റ്സ് എന്നിവയാണ് നടപ്പിലാക്കുന്നത്.
രാത്രികാല വണ്ടികളുടെ സ്റ്റോപ്പ്
തിരുവനന്തപുരത്തേക്കു തിരുവല്ല വഴി കടന്നുപോകുന്ന രാത്രികാല പ്രതിദിന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇനി തീരുമാനമായിട്ടില്ല. കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണിവ. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്,
രാമേശ്വരം-പാലക്കാട്-തിരുവനന്തപുരം അമൃത, നിലന്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കലാണ് വൈകുന്നത്. മൂന്നു ട്രെയിനുകൾക്കും വടക്കോട്ടുള്ള യാത്രയിൽ തിരുവല്ലയിൽ സ്റ്റോപ്പുള്ളതാണ്. തിരുവനന്തപുരം യാത്രയിൽ നിരവധി യാത്രക്കാരാണ് തിരുവല്ലയിൽ ഇറങ്ങാനായി ഈ ട്രെയിനുകളെ ആശ്രയിച്ചുവന്നിരുന്നത്.
പുലർച്ചെ തിരുവനന്തപുരത്തെത്തേണ്ടവർക്കും ഇവ പ്രയോജനപ്രദമായിരുന്നു. മുന്പ് തിരുവല്ലയിലെത്തിയ റെയിൽവേ ഡിവിഷണൽ മാനേജരടക്കം ഇക്കാര്യം ഉന്നയിച്ച് കത്തു നൽകിയിരുന്നതായി ആന്റോ ആന്റണി എംപി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിലും സ്റ്റോപ്പുകളുടെ വിഷയംപെടുത്തിയിരുന്നതാണ്. ഇതുകൂടാതെ വന്ദേഭാരത് ഉൾപ്പെടെ തിരുവല്ല വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് വേണമെന്നതാണ് ആവശ്യം.