ക്രിസ്മസ്, പുതുവർഷം ആഘോഷം: എക്സൈസ് വകുപ്പ് പ്രത്യേക പരിശോധന നടത്തും
1375871
Tuesday, December 5, 2023 12:26 AM IST
പത്തനംതിട്ട: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം ആരംഭിച്ചു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിനു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീം സജ്ജമാക്കി.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെയും നിയോഗിച്ചു. മദ്യം ഉത്പാദന, വിപണനകേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും പോലീസ്, ഫോറസ്റ്റ്, റവന്യു എന്നീ വകുപ്പുകളുമായി സഹകരിച്ചു സംയുക്ത റെയ്ഡുകള്‍ ആരംഭിച്ചു. രാത്രികാലങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കി.
സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനങ്ങള്‍, കടകള്‍, തുറസായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കര്‍ശനമായും പരിശോധിക്കും. കള്ളുഷാപ്പുകള്‍, ബാറുകള്‍, മറ്റു ലൈസന്‍സ് സ്ഥാപനങ്ങള്‍ എന്നിവ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ എടുത്തുവരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാന്‍മസാല, പാന്‍പരാഗ്, മറ്റു ലഹരിവസ്തുക്കളുടെ വില്പന കര്‍ശനമായി തടയുന്നതിന് നിര്‍ദേശങ്ങള്‍ നല്കി.
മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. സലീം അറിയിച്ചു.
ജില്ലാ കണ്ട്രോള് റൂം പത്തനംതിട്ട -0468 2222873, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പത്തനംതിട്ട-9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്തനംതിട്ട-9400069466, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എക്സൈസ് റേഞ്ച് ഓഫീസ് തിരുവല്ല -9400069481, അസി. എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട-9496002863, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട- 9447178055.