കോന്നി മെഡിക്കൽ കോളജ് റോഡ് നിർമാണം തുടങ്ങുന്നു; ഉദ്ഘാടനം 11ന്
1459888
Wednesday, October 9, 2024 6:12 AM IST
കോന്നി: കോന്നി മെഡിക്കൽ കോളജിലേക്കുള്ള പ്രധാന റോഡിന്റെ നിർമാണം ആരംഭിക്കുന്നു. നിർമാണോദ്ഘാടനം 11നു വൈകുന്നേരം നാലിന് ആനകുത്തി ജംഗ്ഷനിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്നു കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
14 കോടി രൂപയാണ് നിർമാണ ജോലികൾക്കായി അനുവദിച്ചിരിക്കുന്നത്. 12 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കൽ കോളജ് റോഡ് കോന്നി മുരിങ്ങമംഗലം മുതൽ വട്ടമൺവരെ 2.800 കിലോമീറ്റർ ദൂരം ബിഎംബിസി സാങ്കേതികവിദ്യയിൽ നിലവിലുള്ള അഞ്ച് മീറ്റർ വീതിയുള്ള റോഡ് 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്തു നിർമിക്കുക.
കുപ്പക്കര മുതൽ വട്ടമൺവരെ 1.800 കിലോമീറ്റർ ദൂരത്തിൽ നിലവിലുള്ള മൂന്നു മീറ്റർ വീതിയുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും. നിർമാണത്തിന്റെ ഭാഗമായി 10 പൈപ്പ് കൽവർട്ടുകളും സ്ഥാപിക്കും. 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും പ്രവൃത്തിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. വട്ടമൺ ഭാഗത്ത് തോടിനു കുറുകെ രണ്ടു കലുങ്കുകളും നിർമിക്കും.
റോഡ് നിർമാണത്തിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാ പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2.45 ഹെക്ടർ സ്ഥലം ഏറ്റെടുത്തു . മെഡിക്കൽ കോളജ് റോഡ് നിർമാണത്തിനായി 225 വസ്തു ഉടമകളിൽനിന്നായി 2.45 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസമാണ് റോഡ് നിർമാണം വൈകാൻ കാരണമായത്. നിലവിലെ റോഡ് വീതികുറവായതിനാൽ അടിയന്തര ഘട്ടത്തിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ യാത്രയ്ക്കു തടസമുണ്ടാകുന്നുണ്ട്.
മെഡിക്കൽ കോളജിന്റെ സുഗമമായ പ്രവർത്തനത്തിനും ഇതു തടസമാണ്. അത്യാഹിതവിഭാഗം ഉൾപ്പെടെ പൂർണസജ്ജമാകണമെങ്കിൽ റോഡ് നിർമാണം പൂർത്തീകരിക്കേണ്ടിവരും.
മെഡിക്കൽ കോളജ് റോഡ് നിർമിക്കുന്നതിനൊപ്പം അനുബന്ധ പാതകളായി കോന്നി - വെട്ടൂർ - അതുമ്പുംകുളം റോഡ് അഞ്ചു കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.