വിളവെടുപ്പിനു സമയമായപ്പോഴേക്കും കാട്ടുപന്നിയുടെ വിളയാട്ടം
1459890
Wednesday, October 9, 2024 6:12 AM IST
ചുങ്കപ്പാറ: വിളവെടുപ്പിനു പാകമായ കാർഷിക വിളകൾ കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. കോട്ടാങ്ങൽ പഞ്ചായത്ത് ഒമ്പതാം വാർഡിൽ തോട്ടത്തുങ്കുഴി വെമ്പേനി തൂങ്കുഴി ഏബ്രഹാം സെബാസ്റ്റ്യന്റെ പുരയിടത്തിൽ കമുകിൻ തൈകൾക്കൊപ്പം കൃഷി ചെയ്തിരുന്ന 200 ലധികം മരച്ചീനികൾ കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി നശിപ്പിച്ചു. മൂന്നര ലക്ഷം രൂപ മുടക്കി കൃഷി ഭൂമിയിൽ ഫെൻസിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ഇതു തകർത്താണ് കാട്ടുപന്നിക്കുട്ടം കൃഷി നശിപ്പിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ കാട്ടുപന്നിയുടെ ശല്യം അതീവ രൂക്ഷമായിരിക്കുകയാണ്. മരച്ചീനി, ചേന്പ് തുടങ്ങിയവ നാമമാത്രമായി മാത്രമേ ഇപ്പോൾ കൃഷി ചെയ്യാറുള്ളൂ. കൃഷി ആരംഭിക്കുന്പോൾതന്നെ കാട്ടുപന്നികൾ കൃഷിയിടത്തിൽ മേയുക പതിവായതോടെ കർഷകർ ആകെ നിരാശയിലായി. അവശേഷിക്കുന്ന വിളകളാണ് വിളവെടുപ്പിനുപോലും തരാതെ പന്നി കൊണ്ടുപോകുന്നത്.
തോട്ടത്തുങ്കുഴി വെമ്പേനി തൂങ്കുഴി ഏബ്രഹാം സെബാസ്റ്റ്യന്റെ കൃഷിയിടത്തിലെ മരച്ചീനി കാട്ടുപന്നി നശിപ്പിച്ച നിലയിൽ.