കോഴഞ്ചേരിയിലെ ഗ്രാമീണ റോഡുകളില്‍ വെള്ളം തെറ്റുപാറയിലെ വീടുകള്‍ക്ക് പ്രളയഭീഷണി
1567685
Monday, June 16, 2025 3:10 AM IST
കോഴഞ്ചേരി: മഴ വീണ്ടും ശക്തമായതോടെ പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നു. നദിയുടെ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലും മാവേലിക്കര - കോഴഞ്ചേരി റോഡിലും വിവിധ ഭാഗങ്ങളിലും റോഡില്‍ വെള്ളക്കെട്ടുകളുണ്ട്. റോഡിനു സമീപത്തു തോടുകള്‍ ഇല്ലാത്തതും ഉള്ളവ ജലനിര്‍ഗമനത്തിനായി നവീകരിക്കാത്തതുമാണ് റോഡില്‍ വെള്ളം കയറാന്‍ കാരണമാകുന്നത്.
കോയിപ്രം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തെറ്റുപാറ നഗറിനു സമീപമുള്ള പ്രദേശങ്ങളിലെ ഇരുപത്തഞ്ചോളം വീടുകളിലും കൃഷി സ്ഥലങ്ങളിലും ഞായറാഴ്ച പുലര്‍ച്ചെ വെള്ളം കയറി.
കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് വെള്ളം കയറുകയും കൃഷി പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു. ആളുകളെ ക്യാമ്പുകളിലേക്കു മാറ്റിയിരുന്നു. പ്രദേശവാസികളുടെ ദുരവസ്ഥ നേരില്‍ കാണാന്‍ കളക്ടര്‍ എത്തുകയും ചെയ്തിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതാണ്. ഇന്നലെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയതോടെ പ്രദേശവാസികള്‍ ക്യാമ്പുകളിലേക്കും മറ്റുമായി മാറുകയാണ്.
സമീപ സ്ഥലത്തെ തോടുകളിലെ വെള്ളവും പിഐപി കനാലില്‍ കൂടി ഒഴുകുന്നതിനാല്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ജെസിബിയും മറ്റും ഉപയോഗിച്ചാണ് വെള്ളക്കെട്ടും മാലിന്യങ്ങളും പ്രദേശവാസികള്‍ മാറ്റുന്നത്. അമൃതധാര ഗോശാല ചെയര്മാന് അജയകുമാര്‍ വല്ലൂഴത്തിലാണ് ജെസിബി സൗജന്യമായി നല്‍കിയത്.