പുഷ്പഗിരി റിസർച്ച് സെന്റർ ദ്വിദിന ശാസ്ത്രസമ്മേളനം
1567984
Tuesday, June 17, 2025 3:38 AM IST
തിരുവല്ല: ബയോറേഡിയൻസ് പുഷ്പഗിരി റിസർച്ച് സെന്റർ (പിആർസി) നടത്തിവരുന്ന വാർഷിക ശാസ്ത്ര കോൺഫറൻസ് ഇന്നും നാളെയും നടത്തും. 2010ൽ നിലവിൽ വന്ന പിആർസിയുടെ 13 ാമത് കോൺഫറൻസാണിത്.
പിആർസിയും കേരള അക്കാഡമി ഓഫ് സയൻസും ചേർന്നാണ് കോൺഫറൻസ് നടത്തുന്നത്. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷണവിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
നൂറോളം ഗവേഷണ പ്രബന്ധങ്ങൾ ഇതിൽ അവതരിപ്പിക്കപ്പെടും. കോൺഫറൻസിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.15 ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി നിർവഹിക്കും. തുടർന്ന് രണ്ടുദിവസമായി വിവിധവിഷയങ്ങളിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും മെഡിക്കൽ ഡോക്ടർമാരും പ്രഭാഷണങ്ങൾ നടത്തും.
ഡ്രഗ് ഡിസ്കവറി, കാൻസർ തെറാപ്യൂട്ടിക്സ്, ടിഷ്യു എൻജിനിയറിംഗ്, ഫൈറ്റോകെമിസ്ട്രി, ഡെന്റിസ്ട്രി, മെഡിസിൻ, സാംക്രമിക രോഗങ്ങൾ, ഫാമിലി റെസിലിയൻസ് എന്നിവയിലും പ്രഭാഷണങ്ങൾ ഉണ്ടാകും.
നാളെ 3.30ന് നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും. സമാപനസമ്മേളനം കെഎസ് സിഎസ്ടിഇ മെംബർ സെക്രട്ടറി ഡോ. എ. സാബു ഉദഘാടനം ചെയ്യും.
ഡോ.ആർ.എസ്. സൗമ്യ, ഡോ. ശ്രീജിത്ത് പണിക്കർ എന്നിവർ ഓർഗനൈസിംഗ് സെക്രട്ടറിമാരാണ്.
തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മുഖ്യരക്ഷാധികാരിയും പുഷ്പഗിരി സിഇഒ ഫാ. ഡോ. ബിജു വർഗീസ്, ഡോ. ജി. എം. നായർ, പിആർസി ഡയറക്ടർ ഫാ. ഡോ. മാത്യു മഴുവഞ്ചേരിൽ എന്നിവർ ഭാരവാഹികളുമായ സംഘാടക സമിതി പ്രവർത്തിക്കുന്നു.