ഗവിയിലെ തൊഴിലാളിസമരം ഒത്തുതീർപ്പിലേക്ക്
1567991
Tuesday, June 17, 2025 3:38 AM IST
പത്തനംതിട്ട: മൂന്നു ദിവസമായി ഗവിയിൽ ടൂറിസം മേഖലയിലെ തൊഴിലാളികൾ തുടരുന്ന സമരം ഒത്തുതീർപ്പിലേക്ക്. ആങ്ങമൂഴി പോലീസ് സ്റ്റേഷനിൽ തൊഴിലാളി പ്രതിനിധികളും കെഎഫ്ഡിസി മാനേജ്മെന്റും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ചർച്ചയേ തുടർന്ന് സമരം പിൻവലിക്കുന്നതിന്റെ സൂചനയായി ഗവി ഇക്കോ ടൂറിസം കവാടത്തിൽ തൊഴിലാളി യൂണിയനുകൾ കെട്ടിയ കൊടികൾ അഴിച്ചുമാറ്റി. ഇന്ന് പത്തനംതിട്ട ലേബർ ഓഫീസിൽ തൊഴിലാളി യൂണിയൻ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച നടക്കും.
ടൂറിസം മേഖലയിൽ നിന്ന് 42 തൊഴിലാളികളെ തൊട്ടം മേഖലയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരേയാണ് തൊഴിലാളികൾ പണിമുടക്കിയത്. സമരം ഗവി ടൂറിസത്തെ ബാധിച്ചതിനേ തുടർന്നാണ് അധികൃതർ ചർച്ചയ്ക്കു വിളിച്ചത്. ഇന്ന് ലേബർ ഓഫീസിൽ നടക്കുന്ന ചർച്ചയിൽ അനുകൂല നടപടി പ്രതീക്ഷിക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.
മൺസൂൺ സീസണായതിനാൽ അപകടം ഒഴിവാക്കാൻ ട്രക്കിംഗ് പാതയിലെ മരങ്ങൾ മുറിച്ചു മാറ്റുക, തൊഴിലാളികൾക്ക് പാമ്പുകടിയേൽക്കാതിരിക്കാൻ ഷൂസ് നൽകുക, മഴക്കോട്ട് നൽകുക, അലവൻസ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചതിന് മാനേജ്മെന്റ് പകപോക്കൽ നടത്തുന്നതിന്റെ ഭാഗമാണ് തൊഴിലാളികളെ പെട്ടെന്ന് ടൂറിസം മേഖലയിലേക്ക് മാറ്റാൻ ശ്രമിച്ചതെന്ന് ആരോപണമുണ്ട്.