പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി ഓഡിറ്റിംഗ്: ഒന്നാം സ്ഥാനം കോന്നി എസ്എഎസ് കോളജിന്
1567985
Tuesday, June 17, 2025 3:38 AM IST
പത്തനംതിട്ട: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പെയിന്റെ ഭാഗമായി മികച്ച രീതിയിൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി ഓഡിറ്റിംഗ് പ്രവർത്തനം പൂർത്തിയാക്കിയ കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളജിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. കോളജുകളിലും സ്കൂളുകളിലും സജീവമായി പ്രവർത്തിക്കുന്ന ഭൂമിത്ര സേന ക്ലബുകളിലൂടെയാണ് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശുചിത്വ മിഷനുമായി ചേർന്ന് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങളുടെ ഓഡിറ്റിംഗ് നടത്തിയത്.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിനു കീഴിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂമിത്രസേന ക്ലബുകൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗ് പ്രവർത്തനം നടന്നത്.
ഇതിലൂടെ വീടുകളിൽ നിന്ന് ഹരിത കർമസേന അംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനെക്കുറിച്ചും തരംതിരിച്ച പ്ലാസ്റ്റിക് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനു മുമ്പ് നടത്തുന്ന പ്രക്രിയകളെക്കുറിച്ചും വിദ്യാർഥികൾക്ക് അടുത്തറിയാൻ സാധിച്ചു. പ്രധാനമായി ജില്ലയിലെ എംസിഎഫുകളിലായിരുന്നു ഭൂമിത്രസേന അംഗങ്ങളുടെ ഓഡിറ്റിംഗ് നടന്നത്.
കോന്നി മേഖലയിലെ എംസിഎഫുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളജ് ഭൂമിത്രസേന യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.
എറണാകുളം സെന്റ് തെരേസാസ് കോളജിനെയും കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിനെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളജ് മിന്നും ജയം നേടിയത്. സംസ്ഥാനത്തെ മികച്ച ഭൂമിത്രസേന കോ ഓർഡിനേറ്റർക്കുള്ള പുരസ്കാരം കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്എൻഡിപി യോഗം കോളേജിലെ ഭൂമിത്രസേന കോ ഓർഡിനേറ്റർ വി.എസ്. ജിജിത്ത് നേടി.
ഫീൽഡ് മോണിറ്ററായി കോന്നി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ അശ്വതി വിജയനും പത്തനംതിട്ട ജില്ലയിലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി ഓഡിറ്റിംഗിന്റെ ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ എസ്. അനൂപും പ്രവർത്തിച്ചു.