റേഷന്‍കടകളില്‍ ഇ ത്രാസ്, ഇപോസ് മെഷീന് ബന്ധിപ്പിക്കാന്‍ നീക്കം
1567700
Monday, June 16, 2025 3:42 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍ കടകളില്‍ ഇലക്ട്രോണിക് ത്രാസ് സ്ഥാപിച്ച് ഭക്ഷ്യവകുപ്പ്. നിലവിലെ ഇ പോസ് യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനായാണ് ത്രാസുകള്‍ സ്ഥാപിച്ചത്. ഇതിന്റെ ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.
ഇതിനിടെ വ്യാപാരികളുമായി ആലോചിക്കാതെയാണ് പരിഷ്കാരം കൊണ്ടുവന്നതെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെ ഇതേപോലെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ റേഷന്‍ വിതരണം സ്തംഭിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഞ്ചുലക്ഷം റേഷന്‍ കടകള്‍ ഇന്ത്യയിലുള്ളിടത്ത് ഒരു സംസ്ഥാനം പോലും ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല. ഒരു മാസത്തില്‍ ഒന്നരലക്ഷം ടണ്‍ അരിയില്‍ കൂടുതല്‍ വിതരണം ചെയ്യുന്നത് പൂര്‍ണമായും മനുഷ്യ അധ്വാനത്തിലാണ്.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയ അന്നു മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ തൂക്കം സംബന്ധിച്ച് നിരവധി തവണ ഗവണ്മെന്റിനോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാര്‍ ഇ ത്രാസുകള്‍ സ്ഥാപിച്ച് ഇ പോസുമായി ബന്ധിപ്പിക്കാന്‍ ഉള്ള നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
ഭക്ഷ്യവകുപ്പിന്റെ ഈ നീക്കം അംഗീകരിക്കില്ലെന്നു മാത്രമല്ല വേണ്ടിവന്നാല്‍ കടകള്‍ ഉപേക്ഷിക്കാന്‍ പോലും വ്യാപാരികള്‍ തയാറാകുമെന്നും ജോണ്സണ് വിളവിനാല്‍ പറഞ്ഞു. ത്രാസുകള്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധം ഉണ്ടെങ്കില്‍ ആദ്യം സപ്ലൈകോയില്‍ നിന്ന് കടകളിലേക്ക് തരുന്ന സാധനങ്ങള്‍ റേഷന്‍ കടയിലേക്കുള്ള ത്രാസുമായി ബന്ധിപ്പിക്കുന്ന നടപടിയാണ് ആദ്യം നടപ്പിലാക്കേണ്ടത്.
അങ്ങനെ നടപ്പിലാക്കിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് ഒരു കൂടിയാലോചനയ്ക്ക് പോലും അസോസിയേഷന് തയാറാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.