പുതുതലമുറയെ ശാക്തീകരിക്കേണ്ടത് സഭയുടെ ദൗത്യം: തിരുവല്ല അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍
1567694
Monday, June 16, 2025 3:42 AM IST
തിരുവല്ല: പുതുതലമുറയെ ശാക്തീകരിക്കേണ്ടത് സഭയുടെ ദൗത്യമെന്ന് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത പാസ്റ്ററല്‍ കൗണ്‍സിൽ. ആധുനിക ലോകത്തെ വെല്ലുവിളികളെ നേരിടാനും ശാക്തീകരിക്കാനും സഭാ സംവിധാനങ്ങള്‍ സജ്ജമാകേണ്ടതുണ്ടെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.
പുതുതലമുറയെ ഏതൊക്കെ മാര്‍ഗങ്ങളില്‍ ശാക്തീകരിക്കാം എന്ന വിഷയത്തെ അധികരിച്ച് ഡോ. സാം സ്കറിയ ക്ലാസ് നയിച്ചു. അതിരൂപതയുടെ അജപാലന സംവിധാനങ്ങള്‍ ഈ പ്രക്രിയയില്‍ എങ്ങനെ പങ്കാളികളാകണം എന്ന വിഷയം നാല് ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ക്ക് മുഖ്യ വികാരി ജനറാള്‍ റവ.ഡോ. ഐസക് പറപ്പള്ളില്‍ മോഡറേറ്ററായിരുന്നു. കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് പ്രത്യേകം പ്രാര്‍ഥന നടത്തി.
വികാരി ജനറാള്‍ ഫാ. വര്‍ഗീസ് മരുതൂർ, സെക്രട്ടറി ഡോ. വര്‍ഗീസ് കെ. ചെറിയാൻ, ചാന്‍സിലര്‍ ഫാ. ജോസ് മണ്ണൂര്‍ കിഴക്കെതില്‍ എന്നിവര്‍ പ്രസംഗിച്ചു.അതിരൂപതയിലെ ഒമ്പത് വൈദിക മേഖലയിലെ മേഖല വികാരിമാരും സന്യസ്തരും വിവിധ ഭക്ത സംഘടനകളുടെ ഡയറക്ടേഴ്സും പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും ശാന്തിനിലയത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. തിരുവല്ല അതിരൂപത 18-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാമത് സമ്മേളനമാണ് നടന്നത്.