കോന്നി മെഡിക്കൽ കോളജ് ഐപി വിഭാഗം ശക്തിപ്പെടുത്തും
1576645
Friday, July 18, 2025 3:42 AM IST
കോന്നി: ഉദ്ഘാടനത്തിനുശേഷം അഞ്ചുവർഷം പൂർത്തിയാകുന്പോഴും ഫലപ്രാപ്തി നേടാത്ത കോന്നി സർക്കാർ മെഡിക്കൽ കോളജിലെ ഐപി വിഭാഗം അടിയന്തരമായി ശക്തിപ്പെടുത്തും. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങി.
പത്തനംതിട്ട ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക് അറ്റകുറ്റപ്പണികൾക്കുവേണ്ടി അടച്ചതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റാൻ തീരുമാനമായിട്ടുണ്ട്.
അടുത്തയാഴ്ച ശസ്ത്രക്രിയ ഉപകരണങ്ങൾ മെഡിക്കൽ കോളജിലെത്തിക്കും. ഉപകരണങ്ങൾ എത്തിക്കുന്നതോടെ ശസ്ത്രക്രിയ വിഭാഗങ്ങൾ പൂർണസജ്ജമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സംവിധാനങ്ങൾ സജ്ജം
ആധുനിക നിലവാരത്തിലുള്ള ചികിത്സ നല്‍കുന്നതിന് ജനറല്‍ മെഡിസിൻ, ജനറല്‍ സര്‍ജറി, ഇഎന്‍ടി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്കാട്രി, ഒഫ്താല്‍മോളജി വിഭാഗങ്ങള്‍ കോന്നി മെഡിക്കൽ കോളജിൽ സജ്ജമാണെന്ന് അധികൃതർ പറഞ്ഞു.
ഫുള്‍ ഓട്ടോമാറ്റിക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക് യൂറിന്‍ അനലൈസര്‍, മൈക്രോസ്കോപ്പ്, ഇന്‍ കുബേറ്റര്‍, ഹോട്ട് എയര്‍ ഓവന് തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി.
അത്യാധുനിക 128 സ്ലൈസ് സിടി സ്കാനും ഇവിടെയുണ്ട്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ സിടി, അള്‍ട്രാസൗണ്ട്, എക്സ്റേ സൗകര്യവും അവശ്യമരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കി അത്യാധുനിക ഫാര്‍മസിയും ബ്ലഡ് ബാങ്കും നിലവിലുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജമാണെന്നും അധികൃതർ പറഞ്ഞു.