നഗരസഭകളിൽ ഇ മാലിന്യം വില കൊടുത്തു വാങ്ങാൻ ഹരിതകർമ സേനയ്ക്കു പദ്ധതി
1577037
Saturday, July 19, 2025 3:36 AM IST
പത്തനംതിട്ട: വീടുകളിലും സ്ഥാപനങ്ങളിലും നിറയുന്ന ഇ മാലിന്യം വില നൽകി ശേഖരിക്കാനൊരുങ്ങി ഹരിതകർമസേന. ഓഗസ്റ്റ് 15 വരെ നടക്കുന്ന ജില്ലയിലെ എല്ലാ നഗരസഭകളിലും ഇതു നടപ്പാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ജില്ലയിൽആരംഭിച്ചു. ക്ലീൻ കേരള കമ്പനിയാണ് ഹരിത കർമസേന വഴി ശേഖരിക്കുന്ന ഇ മാലിന്യങ്ങൾ നഗരസഭകളിൽ നിന്ന് ഏറ്റെടുക്കുന്നത്.
ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പൂർണ പിന്തുണയോടെയും അതാത് നഗരസഭകളുടെ നേതൃത്വത്തിലുമാണ് ശേഖരണം നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ മാലിന്യം ശേഖരിക്കും. മാലിന്യത്തിന്റെ അളവ് അനുസരിച്ച് പണം നൽകും.
അപകടരമല്ലാത്ത ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങൾക്കാണ് ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിലാണ് വില നൽകുന്നത്. ആദ്യഘട്ടത്തിൽ കോർപറേഷൻ, നഗരസഭ പരിധിയിലുള്ള വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നായിരിക്കും മാലിന്യം ശേഖരിക്കുക.
രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. പുനഃചംക്രമണത്തിന് യോഗ്യമായ മാലിന്യത്തിനാണ് പണം ലഭിക്കുക. ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനി ഹരിത കർമ സേനാംഗങ്ങൾക്ക് ഇ മാലിന്യങ്ങളുടെ പണം നൽകും.
ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇ മാലിന്യത്തിന്റെ വില, ഭവിഷ്യത്തുകൾ എന്നിവയിൽ ഹരിതകർമ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനി പരിശീലനവും നൽകും.
നിലവിൽ അജൈവ പാഴ്വസ്തു ശേഖരണ കലണ്ടർ പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന മുഖേന വർഷത്തിൽ രണ്ട് തവണ ഇ-മാലിന്യം ശേഖരിക്കുന്നതിന് ക്രമീകരണമുണ്ട്. എന്നാൽ ഇ മാലിന്യം കൃത്യമായി ഹരിതകർമസേനയ്ക്ക് കൈമാറാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായാണ് അവയ്ക്കു വില നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം എംസിഎഫിൽ സൂക്ഷിക്കും.
നിശ്ചിത ദിവസം ക്ലീൻ കേരള കമ്പനിയിലേക്ക് കൈമാറും. കമ്പനി ഇത് ശാസ്ത്രീയ പുനഃചംക്രമണത്തിന് അയയ്ക്കും.
അപകടകരമായ ഇ മാലിന്യങ്ങൾ അമ്പലമുകളിലെ കേരള എൻവയോൺമെന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മുഖാന്തരം സംസ്കരിക്കും. അതിനുള്ള തുക നഗരസഭയിൽനിന്ന് ക്ലീൻ കേരള കമ്പനിക്ക് നൽകണം. പന്തളം നഗരസഭയിൽ ഇന്നും പത്തനംതിട്ട നഗരസഭയിൽ 21നും അടൂർ, തിരുവല്ല നഗരസഭകളിൽ 22 നും പരിശീലനം നൽകും.