പോലീസുകാരനെതിരേ ഭീഷണി മുഴക്കിയ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ
1576654
Friday, July 18, 2025 3:42 AM IST
തിരുവല്ല: യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവർഷവും നടത്തിയ ഡ്രൈവർ അറസ്റ്റിൽ.
തിരുവല്ല നെടുമ്പുറം അമിച്ചങ്കേരി വളക്കോട്ട് കെ. ടി. രാജേഷാണ് (48) അറസ്റ്റിലായത്.
അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് കേസ്.ട്രാഫിക് എസ്ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷാണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുത്തൂര്‍ ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ്സിപിഒ ബി. ശ്രീജിത്തിനു നേരെയാണ് ടിപ്പര്‍ ഡ്രൈവറായ രാജേഷ് ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്. കഴിഞ്ഞ 12 നും 14നും ഇതാവര്‍ത്തിച്ച ഡ്രൈവർ, പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
രണ്ടു ദിവസവും യൂണിഫോം ധരിക്കാതെയും ട്രാഫിക് സിഗ്നല്‍ തെറ്റിച്ചുമാണ് ഇയാള്‍ ടിപ്പര്‍ ഓടിച്ചത്. ഇതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്തതിന്റെ വിരോധം കാരണം, ഇയാള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.