നടപടി നൂലാമാല; ജീർണാവസ്ഥയിലായ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാകുന്നില്ല
1577024
Saturday, July 19, 2025 3:22 AM IST
പത്തനംതിട്ട: ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കി അപകടങ്ങൾ ഒഴിവാക്കണമെ ന്ന ആവശ്യങ്ങൾക്കു പരിഹാരമില്ലാത്തതിനു പിന്നിലും നടപടിക്രമങ്ങളിലെ നൂലാമാലകൾ.
വർഷങ്ങൾ പഴക്കമുള്ള കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടം തകർന്നു വീണതോടെയാണ് കെട്ടിടം പൊളിച്ചുനീക്കലിന്റെ നൂലാമാലകൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.
കടമ്മനിട്ട സ്കൂളിന്റെ കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ മൂന്നു വർഷമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 2022 മുതൽ കെട്ടിടത്തിൽ നിന്ന് ക്ലാസ് മുറികൾ നീക്കിയിരുന്നു. വിവരം അന്നു തന്നെ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നതാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. ഒടുവിൽ നവകേരള സദസിൽ എത്തിയ നാട്ടുകാർ കെട്ടിടം അപകടാവസ്ഥയിലാണെന്നും അടിയന്തരമായി പൊളിച്ച് കളിസ്ഥലം നിർമിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് ഇതിനെ പിന്തുണച്ചെങ്കിലും നടപടികൾ മുന്നോട്ടു പോയില്ല. കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടി ഇഴഞ്ഞു നീങ്ങുന്നതിടെയാണ് വ്യാഴാഴ്ച രാത്രി മഴ സമയത്ത് തകർന്നു വീണത്. സ്കൂൾ ആരംഭിച്ച കാലത്ത് നിർമിച്ച കെട്ടിടമാണിത്. മേൽക്കൂര ഏതാണ്ട് പൂർണമായും ദ്രവിച്ച അവസ്ഥയിലായിരുന്നു. ഭിത്തി ഉൾപ്പെടെയാണ് പൊളിഞ്ഞു വീണത്. കെട്ടിടത്തിന്റെ ശേഷിച്ച ഭാഗവും ഏത് നിമിഷവും നിലം പൊത്താം.
കെട്ടിടം അപകടാവസ്ഥയിലായതിനാൽ വിദ്യാർഥികളെ സമീപത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ലെന്ന് പ്രാധാന അധ്യാപിക ശ്രീലത പറയുന്നത്. എന്നാൽ കളിക്കളം തൊട്ടടുത്തായതിനാൽ മഴ പെയ്യുന്പോഴൊക്കെ ഇവിടെ കയറാറുണ്ടെന്നാണ് കുട്ടികൾ പറയുന്നത്. നാട്ടുകാരും ഇത് സാക്ഷ്യപ്പെടുത്തുന്നു. സ്കൂൾ വിട്ടുകഴിഞ്ഞാൽ നാട്ടുകാരും കെട്ടിട പരിസരങ്ങളിൽ എത്തുന്നതു കാണാം. അപകടം സംഭവിച്ചത് രാത്രിയിലായതിനാൽ ആരും ഇതിൽ ഉൾപ്പെട്ടില്ല. കെട്ടിടം പൊളിച്ചുനീക്കാൻ ടെൻഡർ നടപടികൾ കഴിഞ്ഞയിടെയാണ് ആരംഭിച്ചത്. 28നാണ് ലേലം വച്ചിരിക്കുന്നത്.
1997 ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗം ഈ തകർന്ന കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എട്ട് ബാച്ചുകളും ലാബും ഇവിടെ തന്നെയായിരുന്നു. പിന്നീട് 2002ലാണ് പുതിയ കെട്ടിടത്തിലക്ക് ഹയർ സെക്കൻഡറി ഭാഗം മാറ്റിയത്. മൊത്തം 400 കുട്ടികൾ പഠിക്കുന്നുണ്ട്. കെട്ടിടം വീണതറിഞ്ഞ് പോലീസ്, റവന്യു, വിദ്യാഭ്യാസം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
പത്തനംതിട്ടയിലുമുണ്ട് പഴയ കെട്ടിടങ്ങൾ
സ്കൂൾ വളപ്പിൽ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്താൻ അനുവാദമില്ലെങ്കിലും ഇത് പൊളിച്ചു നീക്കാൻ സ്കൂൾ അധികൃതർക്കാകില്ല. ഇതിന് പ്രത്യേകാനുമതി വേണം. ടെൻഡർ വിളിച്ച് വിദ്യാഭ്യാസ വകുപ്പു തന്നെ നടപടികൾ നടത്തണം. പത്തനംതിട്ട ഗവൺമെന്റ് എച്ച്എസ്എസിലും പഴയ കെട്ടിടം ഇപ്പോഴും നിലനിൽക്കുകയാണ്. സ്കൂൾ കവാടത്തിൽ തന്നെയാണ് പഴയ കെട്ടിടം. ഏറെ ശോച്യാവസ്ഥയിലായപ്പോൾ ക്ലാസ് മുറികൾ ഷിഫ്റ്റ് ചെയ്തു.
അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ വരാന്തകളിൽ കുട്ടികളെ കാണാം. കുട്ടികൾ കയറരുതെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ഓഫീസും മറ്റും മുകൾ ഭാഗത്തായതിനാൽ അധ്യാപകർ കാണാറില്ല. സ്കൂൾ വിട്ട് കുട്ടികൾ വാഹനം കാത്തുനിൽക്കുന്പോഴും മഴയത്തുമൊക്കെ ഇവിടെ കുട്ടികളെ കാണാം. അധ്യാപകരുടേതടക്കം വാഹനങ്ങളും ഇവിടെ കയറ്റിവയ്ക്കാറുണ്ട്. സർക്കാർ സ്കൂളുകളുടെ വളപ്പുകളിലാണ് ഇത്തരത്തിൽ കെട്ടിടങ്ങൾ അപകടാവസ്ഥി ഏറെയും അവശേഷിക്കുന്നത്.
വായ്പൂര് എംആർഎസ്എൽബിവി എച്ച്എസ്എസിൽ
വായ്പൂര് എംആർഎസ് എൽബിവി എച്ച്എസ്എസ് വളപ്പിൽ ഏതുനിമിഷവും നിലംപൊത്താവുന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയിട്ടും നടപടിയില്ല. സ്കൂൾ വളപ്പിൽ അപകടാവസ്ഥയിലായ കെട്ടിടം കുട്ടികളെ സുരക്ഷയെ കരുതി പൊളിച്ചു മാറ്റണമെന്നതാണ് ആവശ്യം. പക്ഷേ അധികൃതർ ഇതു കേട്ടതായി ഭാവിക്കുന്നില്ല.
തിരുവിതാംകൂർ രാജകുടുംബാംഗത്തിന്റെ നാമധേയത്തിലുള്ള സംസ്ഥാനത്തെ അപൂർവം വിദ്യാലയങ്ങളിലൊന്നാണിത്. സ്കൂളിന്റെ ആദ്യകാല കെട്ടിടങ്ങളിലൊന്നാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ക്ലാസ് മുറികൾ നീക്കിയെങ്കിലും കെട്ടിടം പൊളിച്ചുനീക്കാൻ നടപടി ഉണ്ടായില്ല.
ഓടിട്ട കെട്ടിടം ജീർണാവസ്ഥയിൽ ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. കെട്ടിടം പൊളിക്കാൻ ബ്ലോക്ക് പഞ്ചായത്ത് എഇ തയാറാക്കിയ 60265 രൂപയുടെ വാല്യുവേഷൻ റിപ്പോർട്ടിന് ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകിയതാണ്.
അടൂരിൽ നൂറുവർഷം പിന്നിട്ട കെട്ടിടം
അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നൂറുവർഷത്തിലേറെ പഴക്കമുള്ളകെട്ടിടമുണ്ട്. നിലവിൽ ഇവിടെ ക്ലാസുകളില്ലെങ്കിലും കെട്ടിടം നീക്കാൻ അനുമതിയില്ല. മഴ ശക്തമായതോടെ അപകടാവസ്ഥ കണ്ട് അധ്യാപകർ ഭീതിയിലാണ്. മേൽക്കൂര പലപ്പോഴും അടർന്നു വീഴുന്നുണ്ട്. ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയാണ്.
ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി നിർമിച്ച കെട്ടിടമാണിത്. പൈതൃകമായി സംരക്ഷിച്ചു നിർത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ നടപടികൾ നീണ്ടുപോയി. അടിയന്തര അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് ഇതിനിടെ ഫണ്ട് അനുവദിച്ചു. ഇതു പോരാതെ വന്നതോടെ ഒന്നും നടന്നില്ല. നിരവധി കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന്റെ വളപ്പിൽ അപകടാവസ്ഥയിലുള്ള കെട്ടിടം നിലനിർത്തുന്നതിലെ പ്രശ്നങ്ങൾ സ്കൂൾ അധികൃതർ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി പറയുന്നു.
പൂട്ടിപ്പോയ സ്കൂളുകളും അപകടാവസ്ഥയിൽ
കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ പൂട്ടിപ്പോയ ഒരു സ്കൂളും ഇതേവരെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കെട്ടിടം ബന്ധപ്പെട്ടവർക്കു കൈമാറിയിട്ടില്ല. 2001 - 02 കാലയളവു മുതൽ ജില്ലയിൽ അടച്ചുപൂട്ടിയ നിരവധി സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ കെട്ടിടങ്ങളാണ് ഏതുനിമിഷവും നിലംപൊത്താവുന്ന സാഹചര്യത്തിലായത്. ഇവയിലേറെയും എയ്ഡഡ് മാനേജ്മെന്റ് മേഖലയിലാണെങ്കിലും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധപ്പെട്ടർക്ക് കെട്ടിടം കൈമാറാൻ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല.
അയിരൂർ പഞ്ചായത്തിൽ ഒരു സർക്കാർ, രണ്ട് എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളുടെ കെട്ടിടങ്ങളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. കല്ലൂപ്പാറ, എഴുമറ്റൂർ, കൊറ്റനാട് ഗ്രാമപഞ്ചായത്തുകളിലും ഇത്തരം സ്കൂളുകളുണ്ട്. ഇരവിപേരൂരിൽ പൂട്ടിയ സ്കൂൾ മാത്രമാണ് സ്പോർട്സ് ഹോസ്റ്റലിനായി നൽകിയത്.