മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1576651
Friday, July 18, 2025 3:42 AM IST
അത്തിക്കയം: മരം മുറിക്കുന്നതിനിടെ ലക്ഷ്യം തെറ്റിയുണ്ടായ അപകടത്തിൽ മരത്തിൽ കുടുങ്ങിയെ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ചിറ്റാർ സ്വദേശി രാജനാണ് (50) അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ 10.30 ഓടെ അത്തിക്കയം ടൗണിനു സമീപമാണ് അപകടം. ഒന്നാം കലുങ്കിനു സമീപം കൈമുട്ടുംപറമ്പിൽ പടിയിൽ അത്തിക്കയം - മടന്തമൺ റോഡരികിലെ ഉയരമുള്ള ആഞ്ഞിലി മരത്തിൽ കയറി ഇടമുറിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് മരത്തിന്റെ മുകൾ ഭാഗം മുറിച്ച് മറ്റൊരു മരത്തിൽ തട്ടി വൈദ്യുതി ലൈനുകളിലേക്കും അതിലെ കേബിളിലേക്കും പതിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ ഒരു വൈദ്യുത പോസ്റ്റ് പൂർണമായും തകർന്നു. സമീപ പോസ്റ്റുകൾക്കും നാശനഷ്ടമുണ്ടായി. ഇതിലെ ലൈനുകളെല്ലാം തകർന്നു.ആഞ്ഞിലി മരത്തിൽ മുറിച്ചു കൊണ്ടിരുന്ന തൊഴിലാളിക്ക് മരത്തിന്റെ ലക്ഷ്യം തെറ്റിയുള്ള വീഴ്ചയിൽ നിലതെറ്റി പരിക്കേറ്റെങ്കിലും വീഴാതെ കയറിൽ പിടിച്ചു കിടന്നു. അപകടം കണ്ട് ഒപ്പമുണ്ടായിരുന്നയാൾ കയറിൽ കയറി ബോധക്ഷയം ഉണ്ടാകുന്നതിനു മുമ്പ് താങ്ങി നിർത്തി.
രാജന് കൈയ്ക്കു സാരമായി പരിക്കേറ്റു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏണി ഉപയോഗിച്ച് മരത്തിൽ കയറി രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മരം വീണുള്ള തകർച്ചയേത്തുടർന്ന് ഈ ലൈനിലെ വൈദ്യുതി ബന്ധം താറുമാറായി. പുനഃസ്ഥാപിക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് വൈദുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിൽ ഏറെ നേരത്തേക്ക് ഗതാഗതം മുടങ്ങിയെങ്കിലും ഉച്ചയോടെ പുനഃസ്ഥാപിച്ചു.