പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭരണാനുകൂല വിഭാഗത്തിനു ഭൂരിപക്ഷം
1577025
Saturday, July 19, 2025 3:22 AM IST
പത്തനംതിട്ട: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയം പൂർത്തിയായപ്പോൾ, ജില്ലയിലെ മുഴുവൻ ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നും സ്പെഷൽ യൂണിറ്റുകളിൽ നിന്നും നിലവിലെ ഭരണാനുകൂല പാനലിലെ മുഴുവൻ പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പിൽ മാത്രമാണ് എതിർവിഭാഗക്കാർ മത്സരിക്കുന്നത്.
ഡിഎച്ച്ക്യുവിലെ ഒന്പത് സീറ്റുകളിൽ ആറു സീറ്റുകളിലേക്ക് അവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. നിലവിലെ ജില്ലാ സെക്രട്ടറി കെ.ബി.അജി പന്തളം പോലീസ് സ്റ്റേഷനിൽ നിന്നും ജില്ലാ പ്രസിഡന്റ് ബി.എസ്. ശ്രീജിത്ത് എന്നിവർ മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ മറ്റു ജില്ലാ ഭാരവാഹികളും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏഴ് വനിതകളും ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിൻവലിക്കാനുള്ള സമയത്തിന് ശേഷവും മത്സരമുള്ള പക്ഷം 26ന് വോട്ടെടുപ്പ് നടക്കും.