തോട്ടക്കോണം സ്കൂളിൽ ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിനു തുടക്കം
1577042
Saturday, July 19, 2025 3:36 AM IST
പന്തളം: വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. പന്തളം നഗരസഭ കൗൺസിലർ കെ.ആർ. വിജയകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ടി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ കെ.എച്ച്. ഷിജു, സ്കൂൾ പ്രൻസിപ്പൽ എൻ. ഗിരിജ, പ്രഥമാധ്യാപകൻ പി. ഉദയൻ, സിനീയർ അധ്യാപിക എൻ.ജി. ജയന്തി, അധ്യാപികമാരായ നീതു, രമ്യ, വിദ്യാർഥി പ്രതിനിധി മാസ്റ്റർ അതുൽ എന്നിവർ പ്രസംഗിച്ചു.
ഇംഗ്ലീഷ് ഭാഷയെ അടുത്തറിയാനും കുട്ടികൾക്ക് ഭാഷയിൽ മികവ് നേടാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. നടത്തിപ്പിനായി ഓരോ സ്കൂളിലേക്കും ഒരു റിസോഴ്സ് അധ്യാപകനെ നിയമിച്ചിട്ടുണ്ട്.
ഡിജിറ്റൽ, വിഷ്വൽ, ഓഡിയോ രൂപത്തിൽ മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് ക്ലാസ്. അഞ്ച്, ആറ് ക്ലാസുകളിലെ 50 കൂട്ടികൾ വീതം ഉൾപ്പെടുന്ന രണ്ട് ബാച്ചുകളായാണ് പരിശീലനം.