മാടമൺ നടപ്പാലത്തിനു സ്ഥലപരിശോധന നടത്തി
1577036
Saturday, July 19, 2025 3:36 AM IST
റാന്നി: മാടമൺ നടപ്പാലത്തിന്റെ സ്ഥലപരിശോധന നടത്തി. പമ്പാനദിയിൽ മാടമൺ കടവുകളെ ബന്ധിപ്പിച്ച് പുതിയ നടപ്പാലം നിർമിക്കുന്നതിന് പ്രമോദ് നാരായൺ എംഎൽഎയുടെ ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാടമൺ ശ്രീനാരായണ കൺവൻഷൻ നഗറിലേക്കുള്ള പാത എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
മാടമൺ നിവാസികൾ ബസ് കയറാനും മറ്റും മറുകരയിൽ എത്തുന്നതിന് നിലവിൽ കടത്തു വള്ളത്തെയാണ് ആശ്രയിക്കുന്നത്. അല്ലെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് ബംഗ്ലാംകടവിലോ മുക്കത്തോ എത്തി വേണം പോകാൻ . എല്ലാ വർഷവും മാടമൺ ശ്രീനാരായണ കൺവൻഷൻ നടക്കുമ്പോൾ പമ്പാനദിക്ക് കുറുകെ നടപ്പാലം നിർമിച്ചാണ് ആളുകൾ കൺവൻഷൻ നഗറിലേക്ക് എത്തുന്നത്.
ഇവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് നടപ്പാലം നിർമിക്കുന്നതിന് എംഎൽഎ ഫണ്ട് അനുവദിച്ചിരിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് നിർമാണച്ചുമതല. പ്രമോദ് നാരായൺ എംഎൽഎ, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, എസ്എൻഡിപി റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥല പരിശോധന നടത്തിയത്.