പുഷ്പഗിരി നഴ്സിംഗ് കോളജിൽ ബിരുദദാനവും കോളജ് ദിനാഘോഷവും
1577032
Saturday, July 19, 2025 3:22 AM IST
തിരുവല്ല: പുഷ്പഗിരി നഴ്സിംഗ് കോളജിൽ ബിരുദ ദാനവും കോളജ് ദിനാഘോഷവും ഇന്നു രാവിലെ 10 ന് കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ വിദ്യാർഥി കാര്യാലയ വിഭാഗത്തിന്റെ മേധാവിയും എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. ആർ. ആശിശ് ഉദ്ഘാടനവും ബിരുദ ദാന സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സിഇഒ ഫാ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടക്കും.