കോളജ് റോഡിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി
1577030
Saturday, July 19, 2025 3:22 AM IST
തിരുവല്ല: മാർത്തോമ്മ കോളജ് റോഡിന്റെ നിർമാണത്തിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.
മഴക്കാലത്ത് വെളളം കയറി ഗതാഗത തടസം ഉണ്ടാകുന്ന കോളജ് ഹോസ്റ്റലിന്റെ ഭാഗത്തു ഡ്രെയിനേജും കലുങ്ക് നിർമാണവും ആവശ്യമുള്ള സ്ഥലങ്ങളിൽ ഉയർത്തി സംരക്ഷണഭിത്തി നിർമിക്കുന്നതിനും ബിഎം ബിസി ടാറിംഗ് നടത്താനുമുള്ള പദ്ധതിക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.
കുറ്റപ്പുഴയിൽ നിന്നും മാർത്തോമ്മ കോളജിന്റെ മുമ്പിൽ കൂടി കുറ്റപ്പുഴ പാലം ഭാഗത്തും കിഴക്കൻ മുത്തൂരിലും മല്ലപ്പള്ളി റോഡിൽ എത്തിച്ചേരുന്ന വിധമാണ് പദ്ധതി.
2025- 26 വർഷത്തെ ബജറ്റിൽ ഇതിനായി ഇരുപത് ശതമാനം തുക വകകൊള്ളിച്ചിരുന്നു. 1.6 കിലോ മീറ്റർ നീളത്തിലാണ് നിർമാണം നടത്തുന്നത്.
തിരുവല്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ മാർത്തോമ്മ കോളജിലേക്കുള്ള പ്രധാന വഴിയെന്ന നിലയിൽ തിരുവല്ല - മല്ലപ്പള്ളി റോഡിന്റെ ബൈപാസായും ഇതുപയോഗിക്കാവുന്നതാണ്.