റാന്നി - ഇട്ടിയപ്പാറ ശിലാഫലകങ്ങളുടെ ശവപ്പറമ്പാക്കുന്നു: കോൺഗ്രസ്
1576683
Friday, July 18, 2025 3:54 AM IST
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽപെട്ട സ്ഥലങ്ങൾ ഏറ്റെടുത്ത് രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ശിലാഫലകങ്ങളുടെ ശവപ്പറന്പാക്കി മാറ്റുകയാണെന്ന് കോൺഗ്രസ്. പദ്ധതികൾ പലതും പ്രഖ്യാപിക്കുകയും കല്ലിടുകയും ചെയ്യുന്നതല്ലാതെ തുടർ നടപടികളുണ്ടാകില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എംഎൽഎയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ഡിപ്പോ, ശബരിമല പിൽഗ്രിം സെന്റർ എന്നിവയ്ക്കായി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നേക്കർ സ്ഥലം ഏറ്റെടുത്തു നൽകുകയും അതിന്റെ പേരിലുള്ള കോടതി വ്യവഹാരങ്ങളെ തുടർന്ന് പഞ്ചായത്ത് ഓഫീസ് കെട്ടിടം ജപ്തി ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായി. നിലവിലെ യുഡിഎഫ് ഭരണസമിതി നിയമ വഴിയിൽ മുന്നോട്ട് പോയാണ് ബാധ്യത ഒഴിവാക്കി എടുത്തത്. നാളിതുവരെ പിൽഗ്രിം സെന്റർ നിർമാണം നടത്താനായിട്ടില്ല.
പുതിയ എംഎൽഎ ചുമതലയേറ്റ് നാലുവർഷത്തിനു ശേഷം ബസ് ടെർമിനലിന് സ്ഥലം ആവശ്യപ്പെട്ട് കത്തു നൽകി. പിൽഗ്രിം സെന്ററിനും കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന് വാടകയ്ക്ക് നൽകിയ സ്ഥലത്തിനും മധ്യേ 25 സെന്റ് സ്ഥലം നൽകുവാൻ ഭരണസമിതി ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് എംഎൽഎ ഇപ്പോൾ സ്വീകരിച്ച നിലപാട് അപലപനീയമാണെന്ന് കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി. പഞ്ചായത്തിന് തനതുവരുമാനം ലഭിക്കുന്നതും സാധാരണക്കാരായ ആളുകൾ കച്ചവടം ചെയ്യുന്നതുമായ കടമുറികൾ പൊളിച്ച് നിലവിലെ ടെർമിനലിനോടുചേർന്ന് വീണ്ടും ഒരു ബസ് ടെർമിനൽ നിർമിക്കുന്നതിനോടു യോജിക്കാനാകില്ലെന്ന് കോൺഗ്രസ് സംയുക്ത പഴവങ്ങാടി മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് സ്ഥലം നൽകി 35 ലക്ഷം രൂപ മുടക്കി നിർമിച്ച അമിനിറ്റി സെന്റർ ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ എംഎൽഎ മറുപടി പറയണമെന്നും പല വികസന പ്രവർത്തനങ്ങളുടെയും സ്തംഭനാവസ്ഥയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ് എന്നിവർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യത്തോടെ അപമാനിക്കാൻ ശ്രമം: പഞ്ചായത്ത് പ്രസിഡന്റ്
റാന്നി: രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യക്തിഹത്യ നടത്താനും അപമാനിക്കാനുമുള്ള ശ്രമം അപലപനീയമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി. വികസന ആവശ്യത്തിനു സ്ഥലം വിട്ടുകൊടുക്കാൻ ഗ്രാമപഞ്ചായത്ത് തയാറായതാണ്. എന്നാൽ പഞ്ചായത്തിന്റെ തനതുവരുമാനം ഇല്ലാതാക്കാനും വ്യാപാരികളെ ഇറക്കിവിടാനുമുള്ള നീക്കത്തോടു യോജിപ്പില്ല. ടെർമിനൽ നിർമാണത്തിനു പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകിയതാണ്.
ഐകകണ്ഠ്യേനയുള്ള തീരുമാനത്തിലായിരുന്നു ഇത്. പിന്നീട് ഇതിന് എതിർപ്പ് അറിയിക്കുകയും നിലവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്ന സ്ഥലം ഒഴിപ്പിച്ചു നൽകണമെന്ന പേരിൽ പഞ്ചായത്ത് ഭരണസമിതിയെയും പ്രസിഡന്റിനെയും വികസന വിരോധികളായി ചിത്രീകരിച്ച് അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് റൂബി കോശി കുറ്റപ്പെടുത്തി.