എട്ടിന്റെ പണിയുമായി ടികെ റോഡ് : നവീകരണമില്ല; യാത്രക്കാർ ദുരിതത്തിൽ
1577034
Saturday, July 19, 2025 3:35 AM IST
പത്തനംതിട്ട: ജില്ലയുടെ ഹൃദയഭാഗത്തുകൂടിയുള്ള തിരുവല്ല - കുന്പഴ റോഡ് തകർച്ചയിൽ. ബിഎം ബിസി നിലവാരത്തിൽ ജില്ലയൊട്ടാകെ റോഡുകൾ നവീകരിച്ചതായി പ്രഖ്യാപനങ്ങളുണ്ടാകുന്പോഴാണ് സംസ്ഥാന പാത എട്ടിനോടുള്ള അവഗണന. ബിഎം ബിസി ടാറിംഗ് ആദ്യഘട്ടത്തിൽ നടത്തിയ റോഡുകളിലൊന്നാണിത്. ഒന്പതു വർഷം മുന്പാണ് റോഡ് അവസാനം മെച്ചപ്പെടുത്തിയത്.
യുഡിഎഫ് സർക്കാരിന്റെ അവസാനകാലഘട്ടത്തിൽ റോഡ് നിർമാണത്തിന് അനുമതി നൽകി പണികൾ പൂർത്തീകരിച്ച് പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്തു. അഞ്ചുവർഷത്തെ കരാറിലായിരുന്നു നിർമാണം. ഇതു കഴിഞ്ഞശേഷം അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ റോഡ് തകർന്നു തുടങ്ങി.
മഴ കൂടി ആരംഭിച്ചതോടെ തിരക്കേറിയ പാതയിൽ യാത്ര നന്നേ ബുദ്ധിമുട്ടായി. ദീർഘദൂര ബസുകളടക്കം കെഎസ്ആർടിസിയുടെ അന്പതിലധികം ഷെഡ്യൂളുകൾ ദിവസവും കടന്നു പോകുന്ന പാതയാണിത്. ഇതുകൂടാടെ സ്വകാര്യബസുകളും ടികെ റോഡിൽ ഇടതടവില്ലാതെ പായുന്നു. പല പ്രധാന പാതകളും വിവിധയിടങ്ങളിലായി ടികെ റോഡുമായി സന്ധിക്കുന്നതോടെ തിരക്ക് വർധിക്കും.
ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ടൂറിസ്റ്റ്, ടാക്സി വാഹനങ്ങളും അടക്കം തിരക്കേറിയ പാതയിൽ തിരുവല്ല മുതൽ പത്തനംതിട്ട വരെ നിരവധി പ്രധാന ജംഗ്ഷനുകളാണുള്ളത്. കൂടാതെ റാന്നി, ചെങ്ങന്നൂർ, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകൾ പലയിടങ്ങളിലായി ടികെ റോഡുമായി സന്ധിക്കുന്നുണ്ട്.
പത്തനംതിട്ട ജില്ല ആസ്ഥാനത്തു നിന്ന് എംസി റോഡുമായി ബന്ധപ്പെട്ട യാത്രകൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് ടികെ റോഡിനെയാണ്. നെടുന്പാശേരി വിമാനത്താവളം, ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷൻ യാത്രക്കാരും ഈ റോഡാണ് ഉപയോഗിക്കുന്നത്. റോഡിന്റെ തകർച്ചയോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. കുഴികളിൽ വാഹനങ്ങൾ ബ്രേക്ക് ചവിട്ടി ഇറങ്ങിക്കയറി വരുന്പോഴേക്കും വാഹനങ്ങളുടെ നിര രൂപപ്പെടുകയും ഗതാഗതക്കുരുക്കിനു കാരണമാകുകയും ചെയ്യുന്നു.
അപകടസാധ്യത ഏറെയുള്ള ഭാഗങ്ങളിലാണ് റോഡ് തകർച്ച പൂർണമായിരിക്കുന്നത്. ഈ ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണികളും ആവശ്യമാണ്. 2015ലാണ് തിരുവല്ല- കുമ്പഴ 33 കിലോമീറ്റർ പാതയുടെ നിർമാണം ആരംഭിച്ചത്. അതേവരെ നിലനിന്ന അലെയ്ൻമെന്റിൽ നേരിയ മാറ്റങ്ങൾ വരുത്തിയ ശേഷം പഴയ റോഡ് പൊളിച്ച് ആധുനിക രീതിയിൽ പുതിയ പാത നിർമിച്ചത്. നിർമാണം ഇഴഞ്ഞുനീങ്ങിയതിനാൽ 2016ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു ദിവസങ്ങൾക്കു മുമ്പുമാത്രമാണ് പൂർത്തീകരിച്ചത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയും രണ്ട് വെള്ളപ്പൊക്കവും അതിജീവിച്ചാണ് ഒന്പതു വർഷം പാത നിലനിന്നത്.
റോഡു നിറയെ കുണ്ടും കുഴിയും
ടികെ റോഡിന്റെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് കുഴികൾ ഏറെയും രൂപപ്പെട്ടിരിക്കുന്നത്. പത്തനംതിട്ടയ്ക്കും ഇലന്തൂരിനും മധ്യേ വാര്യാപുരം മുതൽ റോഡ് തകർച്ച നേരിടുകയാണ്. പത്തനംതിട്ട ടൗൺ ഭാഗത്തും റോഡ് മോശമല്ലാത്ത സ്ഥിതിയിലാണ്. കുന്പഴ ഭാഗം ഇതിനോടകം പല തവണ അറ്റകുറ്റപ്പണികൾ നടത്തി.
ഇലന്തൂർ നെടുവേലി ജംഗ്ഷനിൽ വൻ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഓമല്ലൂർ റോഡ് കൂടി വന്നുചേരുന്ന ഭാഗത്തെ കുഴികൾ ഇതിനോടകം പല അപകടങ്ങൾക്കും കാരണമായി. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. ഇലന്തൂർ മുതൽ നെല്ലിക്കാല വരെയുള്ള ഭാഗത്ത് റോഡിന്റെ സ്ഥിതി ഏറെ ശോചനീയമാണ്.
നല്ല റോഡാണെന്ന് കരുതി വാഹനം അതിവേഗം ഓടിക്കുന്നവർക്ക് മുന്നിൽ അപ്രതീക്ഷിതമായാണ് ഗട്ടർ പ്രത്യക്ഷപ്പെടുക. വാഹനം ഒഴിക്കാൻ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകും. ഇരുചക്രവാഹന യാത്രക്കാരെയണ് ഇത്തരം കുഴികൾ ഏറെ ബാധിക്കുന്നത്. വേഗത്തിൽ വരുന്ന വാഹനം കുഴി ഒഴിവാക്കി ഓടിക്കാൻ ശ്രമിക്കുന്നത് അപകടം വരുത്തിവയ്ക്കും.
കുഴിയിൽ ചാടി നിയന്ത്രണംവിട്ട് അപകടങ്ങൾക്കുള്ള സാധ്യതയും ഏറെയാണ്. കാരംവേലി, തെക്കേമല, കോഴഞ്ചേരി ഭാഗങ്ങളിലും റോഡിന്റെ സ്ഥിതി ശോചനീയമാണ്. കോഴഞ്ചേരിക്കും ഇരവിപേരൂരിനും മധ്യേ പല സ്ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഭാഗിക നിർമാണങ്ങൾ
ടികെ റോഡുമായി ബന്ധപ്പെട്ട് ഇടയ്ക്കു നടത്തിയ ചില നിർമാണങ്ങൾ തകർച്ച രൂക്ഷമാക്കി. പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട കുഴി അടയ്ക്കൽ, ഓടകൾ അടഞ്ഞത്, സമീപന റോഡുകളിൽ നിന്നുള്ള വെള്ളം ഒഴുക്ക്, കലുങ്ക് നിർമാണങ്ങൾ ഇവയാണ് സംസ്ഥാന പാതയുടെ തകർച്ച വേഗത്തിലാക്കിയത്. ഇലന്തൂർ ജംഗ്ഷനു സമീപം കലുങ്ക് നിർമാണത്തിനുശേഷം റോഡ് ഉയർത്തി ടാർ ചെയ്യാതെ വന്നതോടെ ഇതിനു രണ്ടു വശങ്ങളും തകർന്നു. കലുങ്കുകളും ഓടകളും മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്.
നേരത്തേ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ടാർ ചെയ്ത് അടച്ച ഭാഗം ഉയർന്നും താഴ്ന്നും നിൽക്കുന്നു. അവിടെനിന്നും 300 മീറ്റർ ഭാഗം അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പൂർണമായും നിരപ്പല്ല. ബിഎം ബിസി നിലവാരത്തിലല്ല പണികൾ നടന്നത്. ഇടയ്ക്ക് പൈപ്പ് ഇടാനും മറ്റും പാത്തി പോലെ ടാർ ഇളക്കി മാറ്റിയത് അടച്ചിട്ടുണ്ടെങ്കിലും കുഴി പൂർണമായും മൂടിയിട്ടില്ല.
ഇലന്തൂർ പാലച്ചുവട്ടിൽ വെള്ളക്കെട്ട് നിലനിന്നിരുന്ന ഭാഗം ഒരു വർഷം മുമ്പ് ടാർ ഇളകി വശങ്ങളിൽ ഓടയും കലുങ്കും നിർമിച്ച ശേഷം റോഡ് അല്പം ഉയർത്തി സാധാരണ രീതിയിലാണ് ടാർ ചെയ്തിരുന്നത്. നിലവാരമുള്ള പാതയിൽ നിന്നും പഴയ രീതിയിൽ നിർമിച്ച ഭാഗത്തേക്ക് വാഹനം കയറുമ്പോൾ കുലുക്കം ഏറെയാണ്.
വാഹനം ഇടതു വശത്തു കൂടി വേഗത്തിൽ പത്തനംതിട്ടയിലേക്ക് പായുമ്പോൾ പാലച്ചുവടിനും മിൽമാ പടിക്കും മധ്യേ റോഡ് പൊട്ടിക്കിടക്കുന്നതു കാണാം. അടുത്തുവരുമ്പോൾ മാത്രമെ ഇത് ദൃഷ്ടിയിൽപ്പെടുകയുള്ളൂ. ഇരുചക്രവാഹന യാത്രക്കാർ പൊളിഞ്ഞ ഭാഗം ഒഴിവാക്കാൻ ശ്രമിച്ചാൽ പിന്നാലെ വരുന്ന വാഹനങ്ങൾ തട്ടി അപകടത്തിൽപ്പെടാം.
വാര്യാപുരം വളവ് നേരേയാക്കാൻ പദ്ധതികൾ ഏറെയുണ്ടായെങ്കിലും നടപ്പായില്ല. വളവ് കഴിഞ്ഞത്തുന്ന ഭാഗത്തെ ഇറക്കവും അപകട മേഖലയായി മാറിയിരിക്കുകയാണ്. പുല്ലാട്, ഇരവിപേരൂർ, മഞ്ഞാടി തുടങ്ങിയ സ്ഥലങ്ങളിൽ സമീപകാലത്തു നടന്ന കലുങ്ക് നിർമാണങ്ങളേ തുടർന്ന് ടാറിംഗ് ശരിയായ രീതിയിൽ നടക്കാതെ വരുന്പോൾ കുഴികൾ രൂപപ്പെട്ട് തകർച്ച പൂർണമാകുന്ന സ്ഥിതിയാണ്.