പുണ്യപൂർണതയ്ക്കായി ഷന്താളമ്മ ജീവിതത്തെ ക്രമവത്കരിച്ചു: കർദിനാൾ മാർ ആലഞ്ചേരി
1424898
Sunday, May 26, 2024 2:34 AM IST
അതിരമ്പുഴ: ആരാധന സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ ദൈവദാസി മദര്‍ മേരി ഫ്രാന്‍സിസ്ക ദ് ഷന്താളിന്റെ 52-ാം ചരമ വാര്‍ഷികാചരണം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തി. ആരാധനാമഠം ചാപ്പലിലെ കബറിടത്തിങ്കൽ നടന്ന പ്രാർഥനയിലും ഫൊറോനാ പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലും തുടർന്ന് നേർച്ചഭക്ഷണ വിതരണത്തിലും നൂറുകണക്കിന് വിശ്വാസികൾ പ്രാർഥനാപൂർവം പങ്കുകൊണ്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്യാസിനികൾ ഉൾപ്പെടെ അനേകം വിശ്വാസികൾ എത്തി.
രാവിലെ മഠം ചാപ്പലിൽ ഷന്താളമ്മയുടെ കബറിടത്തിങ്കൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രാർഥനാ ശുശ്രൂഷ നയിച്ചു. തുടർന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മാർ ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
പുണ്യപൂർണത കൈവരിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലായിരുന്നു ഷന്താളമ്മയെന്ന് മാർ ആലഞ്ചേരി വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു. വിശുദ്ധയാകുന്നതിന് പുണ്യപൂർണത ആവശ്യമാണെന്ന് കരുതിയ ഷന്താളമ്മ ഇതിന്റെ അടിസ്ഥാനത്തിൽ ജീവിതത്തെ ക്രമവത്കരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഷന്താളമ്മയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ. ജോസഫ് കൊല്ലാറ, ഹിസ്റ്റോറിക്കല്‍ കമ്മീഷന് ചെയര്മാന് റവ.ഡോ. തോമസ് കുഴിപ്പില്‍, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ.ഡോ. ടോം പുത്തന്‍കളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പില്‍, നിരണം മാർത്തോമ്മാ ശ്ലീഹാ സെമിനാരി സ്പിരിച്വൽ ഫാദർ ജോര്‍ജ് വല്ലയില്‍ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുർബാനയെ തുടര്‍ന്ന് നടത്തിയ നേര്‍ച്ച ഭക്ഷണ വിതരണത്തിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വൈകുന്നേരം വരെ കബറിടത്തിങ്കലേക്ക് വിശ്വാസികൾ എത്തിക്കൊണ്ടിരുന്നു.
ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ. ജോസഫ് കൊല്ലാറ, സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലി ജോസ് ഒഴുകയില്‍ എസ്എബിഎസ്, വൈസ് പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ തെക്ല എസ്എബിഎസ്, സിസ്റ്റര്‍ എല്‍സ പൈകട എസ്എബിഎസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.