മലയോരമേഖലയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട്
1460697
Saturday, October 12, 2024 3:32 AM IST
കോട്ടയം: ജില്ലയിലെ മണിമല (പുല്ലകയാർ സ്റ്റേഷൻ) ആറ്റിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിനാൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
പൂഞ്ഞാർ, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ചിലയിടങ്ങളിൽ വെള്ളം കയറി. മുണ്ടക്കയം കോസ് വേയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് വർധിച്ചു. വൈകുന്നേരം നാലോടെ ആരംഭിച്ച മഴ തുടർച്ചയായി മൂന്നു മണിക്കൂറോളം പെയ്തു. പൂഞ്ഞാർ മേഖലയിലും മഴ നിർത്താതെ പെയ്തത് മീനച്ചിലാറ്റിൽ ജലനിരപ്പുയർത്തി. തെക്കേക്കര പഞ്ചായത്തിൽ മലയിഞ്ചിപ്പാറ-ചോലത്തടം റൂട്ടിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പൂഞ്ഞാർ പഞ്ചായത്തിലെ പനച്ചിപ്പാറ പടിക്കമുറ്റം പെരുനിലം റോഡിലെ പഴൂർക്കടവ് നടപ്പാലത്തിൽ വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി.