അന്വേഷണസംഘത്തിന് മുഖ്യമന്ത്രിയുടെ പുരസ്കാരം
1226347
Friday, September 30, 2022 11:08 PM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസ് തെളിയിച്ച എട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഒാണർ പുരസ്കാരം. വണ്ടിപ്പെരിയാർ പോലീസ് സിഐ ടി.ഡി. സുനിൽ കുമാർ, എസ്ഐ കെ.യു.ജമാലുദീൻ, എഎസ്ഐ ആർ. അനിൽകുമാർ, സിവിൽ പേലീസ് ഓഫീസർമാരായ ആർ. ഷിജുമോൻ, വി. മുഹമദ് ഷാ, രഞ്ജിത്ത് പി.നായർ, കേസ് അന്വേഷണ സമയത്ത് പീരുമേട് ഡിവൈഎസ്പിമാരായി ചുമതല വഹിച്ചിരുന്ന കെ. ലാൽജി, സി.ജി. സനൽകുമാർ എന്നിവർക്കാണ് പുരസ്കാരം.
2021 ജൂൺ ആറിനാണ് ലയത്തിനുള്ളിൽ ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കളിക്കുന്നതിനിടെ ഷാൾ കുരുങ്ങിയാണ് മരണം എന്നാണ് പോലീസിനു ലഭിച്ച വിവരം. മ്യതദേഹം പരിശോധിച്ച സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ സംശയം ഉന്നയിച്ചതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണമികവാണ് ക്രൂരമായ കൊലപാതകം തെളിഞ്ഞത്.
ലയത്തിലെ തൊട്ടടുത്ത മുറിയിലെ താമസക്കാരനായ അർജുനെ (22) രണ്ട് ദിവസത്തിനകം അന്വേഷണസംഘം പിടികൂടുകയും ചെയ്തു. കേസിന്റെ വിചാരണ കോടതിയിൽ നടന്നുവരികയാണ്.