ഫാ. ജേക്കബ് ഇടപ്പഴത്തിലിന്റെ നൂറാം ചരമവാർഷികാചരണം ഇന്ന്
1243218
Friday, November 25, 2022 10:42 PM IST
നെയ്യശേരി: അറുപത്താറാം വയസിൽ അന്തരിച്ച ഫാ. ജേക്കബ് ഇടപ്പഴത്തിൽ തന്റെ 22 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ നടത്തിയ മാതൃകാപരമായ സേവനം ഒരു നൂറ്റാണ്ടിനു ശേഷവും വിലമതിക്കപ്പെടുന്നു. യാക്കോബ് കത്തനാർ എന്നറിയപ്പെടുന്ന ഇടപ്പഴത്തിൽ ജേക്കബച്ചന്റെ ധീരവും ദീർഘവീക്ഷണവുമുള്ള പ്രവർത്തനങ്ങൾ വാഴക്കുളത്തും നെയ്യശേരിയിലുമൊക്ക വിശ്വാസസമൂഹത്തിന് ഒരു കാലത്തു താങ്ങും തണലുമായിരുന്നു.
ഫാ. ജേക്കബിന്റെ നൂറാം ചരമവാർഷികം ഇന്നു നെയ്യശേരി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ആചരിക്കും. രാവിലെ പത്തിനു കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് 11.30നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുസ്മരണ സന്ദേശം നൽകും. പി.എ. ഉതുപ്പച്ചൻ പാടത്തിൽ അധ്യക്ഷനായിരിക്കും.
ഇടപ്പഴത്തിൽ ഐപ്പ് ഉതുപ്പിന്റെ മൂന്നാമത്തെപുത്രനായി 1856ൽ ജനിച്ച ജേക്കബ് 18-ാം വയസിൽ വാഴക്കുളം വൈദിക സെമിനാരിയിൽ ചേർന്നു. ഫാ. ചാക്കോ കാനാട്ടിന്റെ കീഴിൽ ആറു വർഷം പരിശീലനത്തിനു ശേഷം വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് കാനാട്ട് അച്ചൻ തന്റെ സ്വന്തം ഇടവകയായ എറണാകുളം കോന്തുരുത്തി പള്ളിയുടെ ചെങ്ങനാട് കുരിശുപള്ളിയിൽ അസ്തേന്തിയായി നിയമിച്ചു. ഈ കുരിശുപള്ളി പിന്നീട് തേവര കൊവേന്തയായി ഉയർത്തപ്പെട്ടു. അതിനു സമീപമാണ് ഇപ്പോൾ തേവര കോളേജ്. ഇവിടെ മൂന്നു വർഷം ഇടപ്പഴത്തിൽ അച്ചൻ സേവനം ചെയ്തു. തുടർന്ന് അദ്ദേഹത്തെ വാഴക്കുളം കപ്പേളയുടെ അസ്തേന്തിയായി നിയമിച്ചു. അന്നു വരാപ്പുഴ മെത്രാപ്പോലീത്ത കൊവേന്തയുടെ സമീപത്തുള്ള പള്ളികൾ ഭരണം നടത്താനുള്ള അധികാരം ആശ്രമ അധികാരിയായിരുന്ന കാനാട്ട് അച്ചനു നൽകിയതിനാലാണ് ഇങ്ങനെ ഇടപ്പഴത്തിൽ അച്ചന് വാഴക്കുളത്തു നിയമനം ലഭിച്ചത്.
1885ൽ കാനാട്ട് അച്ചൻ മരണാസന്നനായപ്പോഴാണ് ഇടപ്പഴത്തിൽ അച്ചനെ ഇടവക സ്ഥാപിക്കാൻ നിയോഗിച്ചത്.വാഴക്കുളത്ത് ഇടവക പള്ളി പണിയാൻ അദ്ദേഹത്തിനൊപ്പം പ്രദേശവാസികളായ വൈദികരും ജനങ്ങളും നിലകൊണ്ടു. 1885 ഓഗസ്റ്റ് 15ന് യാക്കോബ് അച്ചൻ പുതിയ പള്ളി ഷെഡ് വെഞ്ചിരിച്ചു കുർബാന ചൊല്ലി. തുടർന്ന് അദ്ദേഹം പുതിയ പള്ളിക്കു കല്ലിട്ടു. അതുവരെ വാഴക്കുളംകാർ ആശ്രയിച്ചിരുന്നതു മൈലക്കൊന്പിനെയും ആരക്കുഴയെയുമായിരുന്നു. അദ്ദേഹം 1886ൽ നെയ്യശേരിയിലേക്കു സ്ഥലംമാറി. തുടർന്ന് നാഗപ്പുഴ, മുതലക്കോടം, കിഴക്കന്പലം, ഞാറയ്ക്കൽ എന്നിവിടങ്ങളിൽ സേവനം ചെയ്തു.
വലിയ പ്രകൃതി സ്നേഹിയായിരുന്നു അച്ചൻ. എറണാകുളത്തെ പ്രഥമ മെത്രാൻ മാർ ലൂയീസ് പഴയപറന്പിൽ ഇടപ്പഴത്തിൽ അച്ചന് രാജകുടുംബവുമായും ഭരണാധികാരികളുമായും നല്ല ബന്ധം ഉണ്ടെന്നു മനസിലാക്കി സഭാപരമായ കാര്യങ്ങൾക്കു തിരുവനന്തപുരത്തിന് അയയ്ക്കുമായിരുന്നുവെന്നു രേഖകളിൽ കാണുന്നു.യാക്കോബ് കത്തനാരുടെ ഇത്തരത്തിലുള്ള ബന്ധവും കരം അടയ്ക്കാൻ കുടുംബത്തിനുള്ള കഴിവുമൊക്കെയായിരിക്കാം അദ്ദേഹത്തിന്റെ സഹോദരപുത്രൻ പാടത്തിൽ ഉതുപ്പും സഹോദരീപുത്രൻ പിട്ടാപ്പിള്ളി ഉതുപ്പ് വൈദ്യനും 1917 മുതൽ 1921 വരെ തിരുവിതാം പ്രജാസഭയിൽ മെന്പർമാർ ആകാൻ കാരണം. സമൂഹത്തിനും സഭയ്ക്കും വളരെ ഉപകാരിയായിരുന്ന അദ്ദേഹം 1922 നവംബർ 28ന് അന്തരിച്ചു.