ഇടുക്കി പാക്കേജിന്റെ നടത്തിപ്പിന് നോഡൽ ഓഫീസറെ നിയമിക്കണം
1243456
Sunday, November 27, 2022 2:42 AM IST
ചെറുതോണി: വിവിധ വകുപ്പുകളുടെ കീഴിൽ ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ പദ്ധതികൾ ഫലപ്രദമായി ജനങ്ങളിലെത്തുന്നതിന് തടസം നേരിടുകയാണ്. അതിനാൽ പാക്കേജിന്റെ ഫലപ്രദമായി നടത്തിപ്പിന് നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഇടുക്കി പാക്കേജിനായി കൂടുതൽ തുക വകയിരുത്തണമെന്നും കേരള കോണ്ഗ്രസ് -എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനാശവും മുൻകാലങ്ങളിലേക്കാൾ ഏറെ രൂക്ഷമാണ്. ജില്ലയിൽ എട്ട് സംരക്ഷിത വനമേഖലകളുടെ സംരക്ഷണത്തിനായി സമഗ്രമായ പദ്ധതികൾ വനം-വന്യജീവി വകുപ്പ് നടപ്പിലാക്കണം.
ജണ്ടയിട്ട് തിരിച്ച വനഭൂമിയുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണം വനം-വന്യജീവി വകുപ്പിന്റെ ഉത്തരവാദിത്വമാണ്. വനമേഖലയിൽനിന്നു കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലേക്കും വാസസ്ഥലങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ സുരക്ഷിതമായ സംരക്ഷിത കവചങ്ങൾ നിർമിക്കണം. ട്രെഞ്ചുകൾ, ഫെൻസിംഗ്, കന്പിവേലി, വൈദ്യുത ഫെൻസിംഗ് തുടങ്ങിയവ നിർമിച്ച് വനഭൂമിയേയും കൃഷിഭൂമിയേയും വേർതിരിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കണം.
ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ച യോഗം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, അഡ്വ. എം.എം മാത്യു, സി.എം കുര്യാക്കോസ്എന്നിവർ പ്രസം ഗിച്ചു.